പി.എ മാത്യൂ പള്ളിക്കുന്നേല്‍ നിര്യാതനായി

കരുവാരകുണ്ട് കല്‍ക്കുണ്ടിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനില്‍ പ്രധാനിയും കേരള കോണ്‍ഗ്രസ് മലപ്പുറം മുന്‍ ജില്ലാ വൈസ് പ്രസിഡന്റും സ്റ്റേറ്റ് കമ്മിറ്റയംഗവുമായിരുന്ന പി.എ മാത്യൂ പള്ളിക്കുന്നേല്‍ (അപ്പച്ചി) നിര്യാതനായി. 87 വയസായിരുന്നു.

സാമൂഹ്യ സാംസ്‌കാരിക സേവന രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന അദ്ദേഹം രോഗബാധിതനായതിനെ തുടര്‍ന്ന് കുറച്ചു കാലങ്ങളായി പൊതുരംഗത്തു നിന്നും മാറി മൂത്ത മകന്‍ ടോമി മാത്യുവിനോടൊപ്പം പാലക്കാട് വിശ്രമജീവിതം നയിക്കുകയായിരുന്നു.

കല്‍ക്കുണ്ടിലെ ആദ്യകാല കുടിയേറ്റക്കാരില്‍ സ്വന്തം ജീവിതം കൊണ്ട് ചരിത്രമെഴുതിയ അപ്പച്ചി മൂന്നു പതിറ്റാണ്ട് മുമ്പ് കല്‍ക്കുണ്ടില്‍ നിന്ന് മാറി താമസിക്കുകയായിരുന്നു. തൊടുപുഴയിലെ എഴുമുട്ടത്തു നിന്നാണ് പള്ളിക്കുന്നേല്‍ കുടുംബത്തിലെ ജോര്‍ജും അനുജന്‍ മാത്യു എന്ന അപ്പച്ചിയും കല്‍ക്കുണ്ടിലേക്കെത്തുന്നത്.

കല്‍ക്കുണ്ട് പോലൊരു കുടിയേറ്റ നാടിന്റെ ആദ്യ കാല തലമുറയുടെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ- വികാസ പരിണാമങ്ങളുടെ നായകനായ അപ്പച്ചിയുടെ നിര്യാണത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലയില്‍ ഉള്ളവര്‍ അനുശോചനം അറിയിച്ചു.

മാത്യൂ പള്ളിക്കുന്നേലിന്റെ നിര്യാണത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫ് അനുശോചനം രേഖപ്പെടുത്തി. സംസ്‌കാര ചടങ്ങുകള്‍ ഡിസംബര്‍ 12-ന് (ശനി) ഉച്ചകഴിഞ്ഞ് 3-30ന് കല്ലടിക്കോട് മേരിമാതാ ദേവാലയ സെമിത്തേരിയില്‍ നടക്കും.