ഊരാളുങ്കലിന് സ്പീക്കര്‍ മുന്‍കൂറായി പണം അനുവദിച്ചത് ചൂണ്ടിക്കാട്ടി വി കെ ഇബ്രാഹിംകുഞ്ഞ്

ഊരാളുങ്കല്‍ സൊസൈറ്റിക്ക് സ്പീക്കര്‍ മുന്‍കൂര്‍ പണം അനുവദിച്ചത് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി വി കെ ഇബ്രാഹിംകുഞ്ഞ് . കരാറുകാര്‍ക്ക് മുന്‍കൂര്‍ പണം നല്‍കുന്നത് പുതുമയുള്ള കാര്യം അല്ല. ഊരാളുങ്കല്‍ സൊസൈറ്റിക്ക് സ്പീക്കര്‍ മുന്‍കൂര്‍ പണം നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ നല്‍കിയ തുകയുടെ പലിശനിരക്ക് നിശ്ചയിച്ചതില്‍ മന്ത്രി എന്ന നിലയില്‍ തനിക്ക് പങ്കില്ലെന്നും പത്തു കോടി രൂപ കൈകൂലി വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

എന്നാല്‍ മറ്റ് കരാറുകളുമായി ഈ കരാറിനെ താരതമ്യം ചെയ്യേണ്ടതില്ലെന്ന് സര്‍ക്കാരും കോടതിയില്‍ വാദിച്ചു. ഇബ്രാഹിംകുഞ്ഞിനെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പാലാരിവട്ടം പാലം അഴിമതി കേസില്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന് ഇബ്രാഹിംകുഞ്ഞ് കോടതിയെ അറിയിച്ചു.

താന്‍ ആശുപത്രിയില്‍ ആണെന്നറിയിച്ചിട്ടും പൊലീസ് വീട്ടില്‍ തിരച്ചില്‍ നടത്തിയതായും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയില്‍ അറിയിച്ചു. ജാമ്യം ലഭിച്ച ശേഷം ഡിസ്ചാര്‍ജ് ചെയ്താല്‍ വീട്ടില്‍ തുടരും. മോര്‍ഫിന്‍ അടക്കം 22 മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ട്. അറസ്റ്റ് ഒഴിവാക്കാനായി ചികിത്സ തേടുകയായിരുന്നില്ല. താന്‍ ഏപ്രില്‍ മുതല്‍ ചികിത്സയിലാണ്. കീമോതെറാപ്പിക്ക് നേരത്തെ പോയി അഡ്മിറ്റ് ആകാറുണ്ട്. 19ന് കീമോതെറാപ്പി ഉണ്ടായിരുന്നതിനാലാണ് 17ന് തന്നെ അഡ്മിറ്റ് ആയത്.