സ്പീക്കര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി രമേശ് ചെന്നിത്തല
നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്. നിയമസഭയിലെ നിര്‍മാണപ്രവര്‍ത്തനങ്ങളിലെ ചട്ടലംഘനം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് കത്ത്. സമഗ്ര അന്വേഷണത്തിന് ഉത്തരവിടണമെന്നും പ്രതിപക്ഷനേതാവ് കത്തില്‍ ആവശ്യപ്പെടുന്നു. 2017-ല്‍ ലോകകേരള സഭ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറിലും 2020-ല്‍ നടത്തിയ രണ്ടാം ലോക കേരളസഭ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറിലും 53 കോടി രൂപ മുടക്കി നടപ്പിലാക്കിയ ഇ-നിയമസഭ പദ്ധതിയിലും മഹാപ്രളയദുരന്തം നേരിടുന്ന സമയത്തും ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി എന്ന പരിപാടി നടത്തി കോടികള്‍ ചെലവഴിച്ച സ്പീക്കറുടെ നടപടിയിലും അഴിമതിയും ധൂര്‍ത്തും ഉണ്ടെന്നും ഇക്കാര്യത്തില്‍ ഗവര്‍ണര്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവ് ഇടണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
അതുപോലെ സ്പീക്കര്‍ക്ക് എതിരെ ഉന്നയിച്ചത് വെറും ആരോപണങ്ങളല്ല വസ്തുതയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. സ്പീക്കറുടെ മറുപടി ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ്. താന്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലല്ല ആരോപണം ഉന്നയിച്ചത്. ഉന്നതമായ സ്പീക്കര്‍ പദവി ഉപയോഗിച്ച് പൊതുജനങ്ങളുടെ പണം ധൂര്‍ത്തടിക്കാനാവില്ല. പ്രതിപക്ഷ നേതാവെന്ന നിലയില്‍ കണ്ണും പൂട്ടിയിരിക്കാനാവില്ലെന്നും ജനങ്ങളോടുള്ള ഉത്തരവാദിത്തമാണ് താന്‍ നിറവേറ്റുന്നതെന്നും ചെന്നിത്തല പറഞ്ഞു.
പുരോഗമനമായ നിയമങ്ങള്‍ പാസാക്കിയതിന് കേരള നിയമസഭയ്ക്ക് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആ അന്തസിനെയും മഹത്വത്തെയും ദുര്‍ബപ്പെടുത്തരുത്. ജനാധിപത്യത്തിന്റെ വികസന സാധ്യത ഉപയോഗിച്ച് എങ്ങനെ കൊള്ള നടത്താമെന്നാണ് ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയില്‍ കണ്ടത്. പ്രളയത്തെ തുടര്‍ന്ന് ചെലവ് വെട്ടിക്കുറിച്ചപ്പോഴാണ് ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി സംഘടിപ്പിച്ചതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
നിയമസഭാ ഹാള്‍ കല്യാണ ആവശ്യങ്ങള്‍ക്കൊക്കെ വാടകയ്ക്ക് കൊടുക്കുമെന്ന് സ്പീക്കര്‍ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയുടെ പേരില്‍ ആറ് പരിപാടികളാണ് ആവിഷ്‌ക്കരിച്ചത്. അതില്‍ രണ്ടെണ്ണം രണ്ടേകാല്‍ കോടി ചിലവഴിച്ച് നടത്തി. കോവിഡ് വന്നില്ലായിരുന്നെങ്കില്‍ നാലു കോടി കൂടി ചെലവായേനെ. 21. 6 ലക്ഷം രൂപയാണ് ഫെസ്റ്റിവല്‍ ജീവനക്കാര്‍ക്ക് ശമ്പളമായി കൊടുത്തത്. ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിക്കായി നിയമിച്ച താത്കാലിക ജീവനക്കാര്‍ ഇപ്പോഴും ശമ്പളം വാങ്ങുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
പേപ്പര്‍ രഹിത നിയമസഭാ പദ്ധതിക്ക് ടെന്‍ഡര്‍ ഇല്ല. ടെന്‍ഡര്‍ ഇല്ലാതെ എങ്ങനെയാണ് തുക നിശ്ചയിച്ചത്. മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുത്തതാണ് മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ കേസ്. ഇബ്രാഹിം കുഞ്ഞ് പക്ഷെ സര്‍ക്കാറിനു വേണ്ടി പലിശ വാങ്ങി. പക്ഷെ ഇവിടെ അതുമുണ്ടായില്ല. പദ്ധതി നടത്തിപ്പിനായി കേന്ദ്ര ഏജന്‍സിയായ എന്‍.ഐ.സിയെ സമീപിച്ചിട്ടില്ല.
ടെന്‍ഡര്‍ വിളിക്കാതെ ഊരാളുങ്കലിന് കരാര്‍ നല്‍കിയത് ഏത് കമ്മിറ്റിയാണെന്ന് വ്യക്തമാക്കണം. ലാളിത്യത്തിന്റെ പര്യായമായിരുന്ന ശങ്കര നാരായണന്‍ തമ്പിയുടെ പേരിലുള്ള ഹാളിന് 16.65 കോടി രൂപയാണ് അനുവദിച്ചത്. ഇവിടെ 1.84 കോടി രൂപക്ക് കസേര വാങ്ങേണ്ടതിന്റെ ആവശ്യം എന്തെന്നതിന് യുക്തിസഹമായ മറുപടിയില്ല. ഹാള്‍ സ്വകാര്യ ആവശ്യത്തിന് കൊടുക്കാന്‍ സ്പീക്കര്‍ക്ക് തീരുമാനിക്കാന്‍ കഴിയുമോ. നിയമസഭ നിര്‍മ്മിക്കാന്‍ 76 കോടിയാണ് ചെലവായത്. നവീകരണത്തിന് 100 കേടിയും. ഈ സ്പീക്കര്‍ക്ക് എന്തുപറ്റി?-ചെന്നിത്തല ചോദിച്ചു.
ലോകകേരള സഭയുടെ രണ്ടാം സമ്മേളനത്തില്‍ നിന്നും പ്രതിപക്ഷം വിട്ടു നിന്നത് ശരിയാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ടാവും. എല്ലാ നിയമസഭയുടെ കാലത്തും പുസ്തകങ്ങള്‍ ഇറക്കാറുണ്ട്. അതിനാല്‍ തന്നെ സ്പീക്കര്‍ ഇപ്പോള്‍ പറയുന്നതില്‍ വലിയ കാര്യമില്ല. കാട്ടിലെ തടി തേവരുടെ ആന എന്ന തരത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. സംസ്ഥാന മന്ത്രിസഭയിലെ നാല് മന്ത്രിമാര്‍ക്ക് സ്വര്‍ണ്ണക്കടത്തില്‍ ബന്ധമുണ്ടെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം. നിയമസഭയുടെ പ്രവര്‍ത്തനങ്ങളില്‍ സഭ സമിതിയെ നോക്കു കുത്തിയാക്കി സ്പീക്കര്‍ തീരുമാനം എടുക്കുകയാണ് ചെയ്തത്. ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ ബിജെപിക്ക് മുന്നിലെത്താന്‍ താന്‍ മത്സരിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി ജനങ്ങളെയോ മാധ്യമങ്ങളെയോ അഭിമുഖീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. മുഖ്യമന്ത്രിയോട് സഹതാപം മാത്രമാണുള്ളത്. മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞ് ഒന്നും സ്വീകാര്യമല്ലെന്നും ചെന്നിത്തല പറഞ്ഞു.