രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ശക്തമാക്കും: വി.സി.സെബാസ്റ്റ്യന്‍

കോട്ടയം: കര്‍ഷകപ്രക്ഷോഭം രാജ്യവ്യാപകമായി കരുത്താര്‍ജിക്കുന്നതിന്റെ ഭാഗമായി സ്വതന്ത്ര കര്‍ഷകസംഘടനകളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ഷകസംഘടനകളെ ഉള്‍പ്പെടുത്തി ശക്തമാക്കുമെന്ന് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

സംസ്ഥാനത്തെ മുപ്പതില്‍പ്പരം സ്വതന്ത്ര കര്‍ഷക സംഘടനകളാണ് നിലവില്‍ കര്‍ഷക ഐക്യവേദിയിലുള്ളത്. പ്രാദേശിക കാര്‍ഷിക വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പല കര്‍ഷകപ്രസ്ഥാനങ്ങളും നിലവില്‍ പ്രവര്‍ത്തിക്കുന്നത്. പ്രാദേശികമായി ഒറ്റപ്പെട്ടുനില്‍ക്കാതെ നില്‍ക്കാതെ സംസ്ഥാന ദേശീയ തലങ്ങളില്‍ കര്‍ഷകപ്രസ്ഥാനങ്ങള്‍ ഐക്യപ്പെട്ട് സംയുക്തമായുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്കേ ഇനി കര്‍ഷക പ്രശ്നപരിഹാരം സാധ്യമാകൂ. ഇതിനായി കേരളത്തിലെ വിവിധ സ്വതന്ത്ര കര്‍ഷകപ്രസ്ഥാനങ്ങള്‍ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘുമായി യോജിച്ചും സഹകരിച്ചും പ്രവര്‍ത്തിക്കണമെന്ന് വി.സി.സെബാസ്റ്റ്യന്‍ അഭ്യത്ഥിച്ചു.

ശിവകുമാര്‍ കക്കാജിയുടെ നേതൃത്വത്തില്‍ 182 കര്‍ഷകസംഘടനകളാണ് ഇപ്പോള്‍ ദേശീയതലത്തില്‍ കര്‍ഷകപ്രക്ഷോഭത്തില്‍ പങ്കുചേരുന്നത്. കേരളത്തിലെ ഭൂപ്രശ്നങ്ങള്‍, പരിസ്ഥിതിലോലം, വന്യജീവി അക്രമങ്ങള്‍, കാര്‍ഷികോല്പന്ന വിലത്തകര്‍ച്ച, കര്‍ഷകവിരുദ്ധ കരാറുകള്‍ എന്നിവയും കര്‍ഷകവിരുദ്ധ കരിനിയമങ്ങളോടൊപ്പം ദേശീയതലത്തില്‍ പ്രധാനവിഷയങ്ങളായി രാഷ്ട്രീയ കിസാന്‍ മഹാസംഘ് ചര്‍ച്ചയ്ക്കെടുക്കും.

കര്‍ഷക ദേശീയ ഐക്യവേദിയുമായി സഹകരിക്കാന്‍ താല്പര്യമുള്ള സ്വതന്ത്ര കര്‍ഷകപ്രസ്ഥാനങ്ങള്‍ rashtriyakisankerala@gmail.com , മൊബൈല്‍-7012641488, 7907881125 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്നും അടുത്തദിവസം ചേരുന്ന സംസ്ഥാന സമിതി കൂടുതല്‍ കര്‍ഷകസംഘടനകളെ ഉള്‍പ്പെടുത്തി വിപുലീകരിക്കുമെന്നും സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ് അറിയിച്ചു.