വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഇരുപത്തയ്യായിരം മീല്‍സിനുള്ള തുക കൈമാറി

പി. പി. ചെറിയാന്‍

ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ നേതൃത്വം ഇരുപത്തയ്യായിരം മീല്‍സിനുള്ള തുക താങ്ക്‌സ് ഗിവിങ്ങിനോടനുബന്ധിച്ചു ഫീഡിങ് അമേരിക്ക എന്ന സംഘടനക്കു കൈമാറിയതായി. റീജിയന്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിര്‍ നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, അഡ്മിന്‍ വൈസ് പ്രെസിഡന്‍ഡ് എല്‍ദോ പീറ്റര്‍, ഓര്‍ഗനൈസഷന്‍ വി പി. ജോണ്‍സന്‍ തലച്ചെല്ലൂര്‍, വൈസ് ചെയര്‍ പേഴ്‌സണ്‍സ് ആയ ഫിലിപ്പ് മാരേട്ട്, ശാന്താ പിള്ളൈ, ട്രഷറര്‍ സെസില്‍ ചെറിയാന്‍ സി. പി. എ. എന്നിവര്‍ അറിയിച്ചു

അടുത്ത കാലയളവില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയ്ത മഹനീയമായ ഒരു ആതുര സേവനമാണ് ഫീഡ് അമേരിക്ക പദ്ധതിക്ക് കൈത്താങ്ങായി ഡബ്ല്യൂ എം. സി. റീജിയന്‍ നേതാക്കള്‍ അംഗങ്ങളുടെയും പ്രൊവിന്‍സ്, റീജിയന്‍, ഗ്ലോബല്‍ നേതാക്കളുടെയും സഹകരണത്തോടെ ചെയ്തതെന്ന് ഗ്ലോബല്‍ പ്രസിഡന്റ് ശ്രീ ഗോപാല പിള്ളയും ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ശ്രീ പി. സി. മാത്യുവും നേതാക്കളെ അനുമോദിച്ചു കൊണ്ട് പറഞ്ഞു. ഒപ്പം അമേരിക്ക റീജിയന്റെ ഐക്യത്തോടെയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു എന്ന് മാത്രമല്ല ജനപിന്തുണയും കൂടുന്നതായി നേതാക്കള്‍ വിലയിരുത്തി.

അമേരിക്കയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി സുരക്ഷിതവും ആരോഗ്യത്തിന് ആവശ്യവുമായ ആഹാരം വൃഥാ കളയാതെ നല്‍കുന്ന പദ്ധതിയില്‍ അമേരിക്കയിലെ കമ്പനികളും മറ്റും നേരിട്ട് തന്നെ പലപ്പോഴും പങ്കാളികളാണ്. ഇത്തരുണത്തില്‍ റീജിയന്‍ പ്രസിഡന്റ് സുധീര്‍ നമ്പ്യാര്‍ മുന്‍കൈ എടുത്തു തുടങ്ങിയ പ്രൊജക്റ്റ് ഒരാഴ്ചക്കുള്ളില്‍ തന്നെ ഇരുപത്തയ്യായിരം മീല്‍സ് എന്ന ലക്ഷ്യത്തെ സാധ്യമാക്കാന്‍ കഴിഞ്ഞത് ജൂബിലി വര്‍ഷമായ 2020 ല്‍ നേട്ടമായി താന്‍ കരുതുന്നു എന്ന് ഒരു ചോദ്യത്തിന് മറുപടി ആയി അദ്ദേഹം പറഞ്ഞു. ഈ വര്ഷം കോവിടിന്റെ അതി പ്രസരത്തിനിടയില്‍ സഹകരിച്ച എല്ലാ വ്യക്തികള്‍ക്കും പ്രത്യേകം നന്ദി അറിയിക്കുന്നതായും ശ്രീ സുധീര്‍ നമ്പ്യാര്‍ പറഞ്ഞു. പങ്കെടുത്തു സഹായിച്ച പ്രൊവിന്‍സ് നേതാക്കള്‍ക്കും പ്രൊവിന്‍സ് അംഗങ്ങള്‍ക്കും പ്രത്യകം നന്ദി അറിയിക്കുന്നതായും കോവിട് കാലത്തു തൊഴിലില്ലായ്മ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ അനേക കുടുംബങ്ങള്‍ക് ഈ സഹായം അനുഗ്രഹമായെന്നു റീജിയന്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസ് പറഞ്ഞു.

പ്രോഗ്രാമില്‍ പങ്കടുത്തു ദാനം ചെയ്ത ഡബ്ല്യൂ. എം. സി. പ്രൊവിന്‍സ് ഭാരവാഹി മഹാത്മജിയുടെ വാക്കുകള്‍
പറഞ്ഞു.’എളിമയോടെ നിങ്ങള്‍ക്കു ലോകത്തെ പിടിച്ചു കുലുക്കാന്‍ കഴിയും’ എന്ന്. ഒപ്പം പ്രോഗ്രാമില്‍ പങ്കെടുത്ത മിക്കവരും ഡബ്ല്യൂ. എം. സി. അമേരിക്ക റീജിയണ്‍ ചാരിറ്റി പ്രവര്‍ത്തനത്തെ അനുമോദിച്ചു.

ഗ്ലോബല്‍ നേതാക്കളായ ചെയര്‍മാന്‍ ഡോ. പി. എ. ഇബ്രാഹിം (ദുബായ്), അഡ്മിന്‍ വൈസ് പ്രസിഡന്റ് ജോണ്‍ മത്തായി (ഷാര്‍ജ ), വൈസ് ചെയര്‍ പേഴ്‌സണ്‍ ഡോക്ടര്‍ വിജയ ലക്ഷ്മി (ഇന്ത്യ), ജനറല്‍ സെക്രട്ടറി ഗ്രിഗറി മേടയില്‍ (ജര്‍മ്മനി), ട്രഷറര്‍ തോമസ് അറമ്പന്‍കുടി (ജര്‍മ്മനി) മുതലായവര്‍ അമേരിക്ക റീജിയന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ അനുമോദിച്ചു.

വിവിധ പ്രൊവിന്‍സുകളായ ഹൂസ്റ്റണ്‍, ഫ്‌ലോറിഡ, ഡി. എഫ്. ഡബ്ല്യൂ, നോര്‍ത്ത് ടെക്‌സസ്, ഡാളസ്, ഒക്ലഹോമ, ജോര്‍ജിയ, ടോറോണ്ടോ, സൗത്ത് ജേഴ്സി, ന്യൂ ജേഴ്സി (വുമണ്‍ ഒണ്‍ലി), ചിക്കാഗോ, ഫിലാഡല്‍ഫിയ, ന്യൂയോര്‍ക് മുതലായ പ്രൊവിന്‍സുകള്‍ പിന്തുണ നല്‍കി ഫീഡ് അമേരിക്ക പ്രൊജക്റ്റ് വിജയിപ്പിച്ചതായി റീജിയന്‍ ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പളളി സന്തോഷത്തോടെ അറിയിച്ചു.