യുവ ബോളിവുഡ് നടി അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ ; രക്തത്തില്‍ കുളിച്ച് മൃതദേഹം
ബോളിവുഡ് നടി ആര്യ ബാനര്‍ജിയെയാണ് കൊല്‍ക്കത്തയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുപ്പത്തിമൂന്ന് വയസായിരുന്നു. ദക്ഷിണ കൊല്‍ക്കത്തയിലെ അപ്പാര്‍ട്ട്‌മെന്റിലെ മൂന്നാം നിലയിലുള്ള ഫ്‌ലാറ്റിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.
ഫ്ളാറ്റില്‍ ഒറ്റയ്ക്കായിരുന്നു ആര്യ താമസിച്ചിരുന്നത്.
രാവിലെ ജോലിക്കാരി ഒത്തിരി ബെല്ല് അടിച്ചിട്ടും ഫോണ്‍ വിളിച്ചിട്ടും ആര്യ പ്രതികരിക്കാത്തതിനെ തുടര്‍ന്ന് അടുത്തുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. ഇവരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തി വാതില്‍ തകര്‍ത്താണ് അകത്ത് കടന്നപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ആര്യയുടെ മൃതദേഹമായിരുന്നു. വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം പുറത്തുവന്നിട്ടുണ്ടായിരുന്നു.
2011 ല്‍ ‘ഡേര്‍ട്ടി പിക്ചര്‍’ എന്ന ബോളിവുഡ് ചിത്രത്തില്‍ വിദ്യാ ബാലനൊപ്പം അഭിനയിച്ച് ആര്യ ആരാധകരുടെ ശ്രദ്ധ കൈക്കലാക്കിയിരുന്നു. പൊലീസ് മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. മരണകാര്യത്തില്‍ ഒരു വ്യക്തത വരണമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരണമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും നടിയുടെ ഫോണ്‍കോള്‍ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രമുഖ സിത്താറിസ്റ്റ് നിഖില്‍ ബാനര്‍ജിയുടെ മകളാണ് ആര്യ ബാനര്‍ജി. ശരിക്കുമുള്ള പേര് ദേവദത്ത ബാനര്‍ജി എന്നായിരുന്നു.