ഓസ്ട്രിയയില്‍ രോഗചികിത്സ അവധിയില്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യസംരക്ഷണ വകുപ്പ്
വര്‍ഗീസ് പഞ്ഞിക്കാരന്‍
ഓസ്ട്രിയയിലെ സാമൂഹ്യസംരക്ഷണ വ്യവസ്ഥ ലോകത്തിലെ തന്നെ ഏറ്റവും മികച്ചവയിലൊന്നാണ്. ഓസ്ട്രിയയില്‍ വേതനം വാങ്ങി ജോലിചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം അവരുടെ ആരോഗ്യസുരക്ഷിത്വത്തിന്റെ ചുമതല ജോലിയുടമയുടേതാണ്. ജോലിയുടമ എല്ലാജോലിക്കാരെയും ഓസ്ട്രിയയിലെ ആരോഗ്യസംരക്ഷണവകുപ്പു വഴി ഇന്‍ഷുര്‍ ചെയ്യുന്നു, പ്രതിമാസ വരിസംഖ്യ ജോലിയുടമ ശമ്പളത്തില്‍നിന്നു പിടിച്ചു നിശ്ചിത അക്കൗണ്ടില്‍ അടക്കുന്നു.
ആരോഗ്യസംരക്ഷണവകുപ്പാകട്ടെ ചികിത്സാചെലവ് മിക്കവാറും എല്ലാം തന്നെ വഹിക്കുന്നതിനുപുറമെ അസുഖബാധിതരായ ജോലിക്കാര്‍ ചികിത്സയില്‍ ഇരിക്കുന്ന കാലഘട്ടം നിയമാനുസൃതം ചെലവഴിക്കുന്നുണ്ട് എന്ന് തിട്ടപ്പെടുത്തുകയും ചെയ്യുന്നു. ജോലിയുടമ, രോഗം ബാധിച്ച ജോലിക്കാര്‍, ആരോഗ്യസംരക്ഷണവകുപ്പ് എന്നിവ/ര്‍ തമ്മിലുള്ള സ്ഥായിയായ ത്രികോണബന്ധമാണ് ഓസ്ട്രിയയിലെ ആരോഗ്യസുരക്ഷി വ്യവസ്ഥയുടെ അടിത്തറ. ആരോഗ്യസംരക്ഷണവകുപ്പുമായി പ്രത്യേക കരാറുള്ള ഹൗസ്‌ഡോക്ടര്‍മാര്‍ക്ക് (പ്രാക്ടിഷര്‍ ആര്‍സ്‌റ്) ഇതിലുള്ള പങ്കു വളരെ വലുതാണ്.
ഈ മേഖയിലുള്ള ജോലിക്കാര്‍ക്കും ജോലിയുടമകള്‍ക്കും പ്രയോജനപ്പെട്ടെക്കാവുന്ന ചില മാറ്റങ്ങള്‍ ഇക്കഴിഞ്ഞ വാരം ഇരുകൂട്ടരുടെയും പ്രതിനിധികള്‍ ചേര്‍ന്ന് ഓസ്ട്രിയയുടെ കേന്ദ്രആരോഗ്യസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൈകൊണ്ടത്. ജനുവരി 2021 മുതല്‍ പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ ആകുമെന്നാണ് റിപ്പോര്‍ട്ട്.
പുതുക്കിയ നിയമമനുസരിച്ചു രോഗബാധിതരായവരുടെ വീടിനുള്ളില്‍ പ്രവേശിക്കാന്‍ പരിശോധനക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്ക് ഇനിമുതല്‍ അനുവാദമില്ലന്ന് ആരോഗ്യസംരക്ഷണവകുപ്പിന്റെ മേലധികാരി ആന്‍ഡ്രെയാസ് ഹുസ് പ്രസ്താവിച്ചു. അതേസമയം ഡോക്ടര്‍ തീരുമാനിക്കുന്ന രോഗചികിത്സ-അവധിയുടെ കലാവധി കഴിഞ്ഞുള്ള ദിവസം മുതല്‍ മാത്രമേ വീണ്ടും ജോലിക്കു ഹാജരാകാനുള്ള നിയമബാദ്ധ്യത ആരംഭിക്കുന്നുള്ളൂ, അതിനു പിന്നിലേക്കുള്ള ഒരു ദിവസം ആയിരിക്കരുത്.
എന്നാല്‍ രോഗചികിത്സ-അവധിയെ ദുരുപയോഗിക്കുന്നവരെയും അതിനോട് ബന്ധപ്പെട്ട നിബന്ധനകള്‍ പാലിക്കാതിരിക്കുന്നവരെയും മുന്‍പുള്ള ഒരു ദിവസം മുതല്‍ തന്നെ ജോലിക്കു ഹാജരാകാന്‍ നിര്‍ബന്ധിക്കാം എന്നും ഹുസ് വെളിപ്പെടുത്തി. ലേബര്‍ നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം മാറ്റങ്ങള്‍ തീരുമാനിക്കപ്പെട്ടതെന്നു വാണിജ്യ സംഘടനയുടെ ജനറല്‍ സെക്രട്ടറി കുര്‍ട് എഗ്ഗര്‍ അറിയിച്ചു.
നാളിതുവരെ ജോലിയുടമകള്‍ സംശയാസ്പദമായ രോഗചികിത്സ-അവധികള്‍ എടുക്കുന്ന ജോലിക്കാരുടെ വിവരങ്ങള്‍ അറിയിച്ചിട്ടും ആരോഗ്യസംരക്ഷണവകുപ്പ് വേണ്ടവിധത്തില്‍ അവയൊന്നും പരിശോധിച്ചിരുന്നില്ല. എന്നാല്‍ ഇനിമുതല്‍ രോഗചികിത്സ-അവധിയെ ദുരുപയോഗിക്കുന്നതിനെതിരായി കര്‍ശനമായ പരിശോധനകളും മറ്റു നടപടികളും താമസിയാതെ ആരംഭിക്കുന്നതായിരിക്കുംമെന്നു കുര്‍ട് എഗ്ഗറിന്റെ അറിയിപ്പില്‍ വിശദികരണമുണ്ട്. രോഗനിവാരണ മാര്‍ഗ്ഗങ്ങളുമായി സഹകരിക്കാത്തവര്‍ക്കും ചികില്‍സിക്കുന്ന ഡോക്ടര്‍ കൊടുക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കും ആരോഗ്യസംരക്ഷണവകുപ്പിന്റെ പരിശോധനക്കായി ഹാജരാകേണ്ടിയും വരുമെന്നും അറിയിപ്പുണ്ട്.