പോലീസിനെ കുഴക്കിയ ആ സീരിയല്‍ കില്ലറുടെ ആ കോഡ് സന്ദേശം ഡീകോഡ് ചെയ്തു ; നീണ്ട 50 വര്‍ഷങ്ങള്‍ക്ക് ശേഷം
നീണ്ട അമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസിനെ കുഴക്കിയ ഒരു സീരിയല്‍ കില്ലറുടെ കോഡ് സന്ദേശം ഡീകോഡ് ചെയ്തു.1960കളില്‍ അവസാനത്തില്‍ വടക്കന്‍ കാലിഫോര്‍ണിയയെ ഭയപ്പെടുത്തിക്കൊണ്ടിരുന്ന ഇന്നും തിരിച്ചറിയപ്പെടാതെ പോയ സീരിയല്‍ കില്ലറുടെ സന്ദേശങ്ങളില്‍ ഒന്നാണ് പരിഭാഷ ചെയ്തത് . ക്രിപ്‌റ്റോഗ്രഫി പ്രേമികളുടെ ഒരു സംഘമാണ് നീണ്ട വര്‍ഷങ്ങളുടെ പ്രയത്‌നത്തിന് ശേഷം കൊലയാളിയുടെ ആ സന്ദേശം പരിഭാഷ ചെയ്തത്.
1969 നവംബറില്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ക്രോണിക്കിള്‍ ദിനപത്രത്തിന് കൊലയാളി അയച്ചതെന്ന് കരുതപ്പെടുന്ന സന്ദേശമാണ് ഇപ്പോള്‍ ഡീക്കോഡ് ചെയ്തിരിക്കുന്നത്. 1968 ലും 1969 ലുമായി അഞ്ച് കൊലപാതകങ്ങളും ആകെ ഏകദേശം 37 കൊലപാതങ്ങളെങ്കിലും കൊലയാളി നടത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്. ഇപ്പോള്‍ കിട്ടിയ സന്ദേശത്തിലൂടെ കൊലയാളിയുടെ വിവരങ്ങള്‍ എന്തെങ്കിലും ശേഖരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
‘എന്നെ പിടികൂടുന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് വളരെയധികം തമാശ തോന്നുന്നു എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഗ്യാസ് ചേമ്പറിനെ ഞാന്‍ ഭയപ്പെടുന്നില്ല, കാരണം അത് എന്നെ ഉടന്‍ തന്നെ പറുദീസയിലേക്ക് അയയ്ക്കും. കാരണം എനിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇപ്പോള്‍ മതിയായ അടിമകളുണ്ട്.’ എന്നാണ് സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്.
46 കാരനായ അമേരിക്കന്‍ വെബ് ഡിസൈനറായ ഡേവിഡ് ഓറഞ്ചക്ക് വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തിലൊടുവിലാണ് കോഡുകള്‍ പരിഭാഷ ചെയ്യാന്‍ പഠിച്ചത്. 2006 ല്‍ ആരംഭിച്ചതാണ് ഈ പഠനം. സങ്കീര്‍ണ്ണമായ കോഡ് മനസിലാക്കാന്‍ നിരവധി കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും വര്‍ഷങ്ങളുടെ പ്രവര്‍ത്തനവും അദ്ദേഹത്തിന് വേണ്ടി വന്നു. അതേസമയം ഈ സന്ദേശം അയച്ച സീരിയല്‍ കില്ലറിനെ പിടികൂടുവാന്‍ സാധിച്ചിട്ടില്ല എന്നതും വിഷയത്തിന്റെ ഭീകരത തുറന്നു കാട്ടുന്നു.