നൃത്തം ചെയ്യാന്‍ വരന്റെ കൂട്ടുകാര്‍ വലിച്ചിഴച്ച് കൊണ്ടുപോയി; വിവാഹത്തില്‍ നിന്ന് വധു പിന്‍മാറി

നൃത്തം ചെയ്യാന്‍ വരന്റെ സുഹൃത്തുക്കള്‍ വധുവിനെ വലിച്ചിഴച്ച് കൊണ്ടു പോയി. ഇതില്‍ കുപിതയായ വധു വിവാഹത്തില്‍ നിന്ന് പിന്‍മാറി. അവളെ ബഹുമാനിക്കാത്ത ഒരാളെ വിവാഹം കഴിക്കാന്‍ മകളെ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്ന് വധുവിന്റെ പിതാവും വ്യക്തമാക്കി. വരന്റെ സുഹൃത്തുക്കള്‍ നൃത്തം ചെയ്യാന്‍ വലിച്ചിഴച്ചതിനെ തുടര്‍ന്ന് വധു വിവാഹപന്തലില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.  ഉത്തർ പ്രദേശിലെ  ഒരു ഗ്രാമത്തില്‍ ആണ് സംഭവം.

ബറേലി ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ളയാളാണ് വരന്‍. വധുവാകട്ടെ കനൗജ് ജില്ലയില്‍ നിന്നുള്ള വ്യക്തിയും. ഇരുവരും ബിരുദാനന്തരബിരുദ ധാരികളുമാണ്. ഗംഭീരമായ വിവാഹ ചടങ്ങിനായാണ് വധുവും കുടുംബവും വെള്ളിയാഴ്ച ബറേലിയില്‍ എത്തിയത്. വരന്റെ ബന്ധുക്കള്‍ വധുവിനെ നൃത്തവേദിയിലേക്ക് വലിച്ചിഴയ്ക്കുന്നത് വരെ എല്ലാം ഗംഭീരമായിരുന്നു. എന്നാല്‍, ഈ സംഭവത്തോടെ ഇരു വിഭാഗവും തമ്മില്‍ തര്‍ക്കം ഉടലെടുത്തു.

ഈ സംഭവത്തെ തുടര്‍ന്ന് വിവാഹം റദ്ദാക്കി. വധു അവളുടെ വീട്ടിലേക്ക് മടങ്ങാനും തീരുമാനിച്ചു. വധുവിന്റെ കുടുംബം വരന്റെ കുടുംബത്തിന് എതിരെ സ്ത്രീധന പരാതി ഫയല്‍ ചെയ്തു. വരന്റെ കുടുംബം 6.5 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് ഇരുപക്ഷവും ഒത്തുതീര്‍പ്പിലെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. വിവാഹം നിര്‍ത്തിവച്ചു. സ്ത്രീയുടെ കുടുംബം സ്ത്രീധന പരാതി നല്‍കിയിരുന്നു. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്നമായതിനാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. അവര്‍ പിന്നീട് ഒരു ഒത്തുതീര്‍പ്പിലെത്തി’ – ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സുഹൃത്തുക്കള്‍ തന്നെ വലിച്ചിഴയ്ക്കുന്നത് കണ്ടിട്ടും വരന്‍ അത് തടയാത്തതാണ് വധുവിന് എതിര്‍പ്പ് ഉണ്ടാകാന്‍ കാരണമായത്. അതേസമയം സുഹൃത്തുക്കളുടെ നടപടിയെ വരന്റെ വീട്ടുകാര്‍ ന്യായീകരിക്കുകയും ചെയ്തു.