കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനം ; മുഖ്യമന്ത്രിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍
കൊവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന പ്രഖ്യാപനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖ്യമന്ത്രിയുടെ വിശദീകരണം തേടി. തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന പ്രതിപക്ഷത്തിന്റെ പരാതിയിലാണ് നടപടി. മുഖ്യമന്ത്രിയുടെ മറുപടി പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കൊവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. ആരില്‍ നിന്നും കാശ് ഈടാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രം?ഗത്തെത്തി. തെരഞ്ഞെടുപ്പിനിടെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് കണ്‍വീനര്‍ എം. എം ഹസന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ചില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് പ്രതിപക്ഷം വിഷയം ഏറ്റുപിടിച്ചത്. രാജ്യത്ത് കേരളത്തില്‍ മാത്രമാണ് കൊവിഡിന് ചികിത്സ സൗജന്യമായി നല്‍കുന്നത്. അതുപോലെ തന്നെ പ്രതിരോധ നടപടിക്കും പണം ഈടാക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് വേളയില്‍ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ പാടില്ല എന്നാണ് ചട്ടം.