ഗൂഗിളും പണി മുടക്കി ; യു ട്യൂബ്, ജി മെയില്‍ സേവനങ്ങള്‍ക്ക് തടസം നേരിട്ടു
ഫേസ്ബുക്കിന് പിന്നാലെ ഗൂഗിളും പണി മുടക്കി. ലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിച്ച് ഗൂഗിള്‍ സേവനങ്ങള്‍ക്ക് തിങ്കളാഴ്ച വൈകുന്നേരം അര മണിക്കൂറോളം തടസം നേരിട്ടു. ഗൂഗിളിന്റെ കീഴില്‍ വരുന്ന ജി മെയില്‍, ഗൂഗിള്‍ സെര്‍ച്ച്, യുട്യൂബ്, ഡ്രൈവ് എന്നീ സേവനങ്ങള്‍ക്കാണ് തടസം നേരിട്ടത്. ഇന്ത്യന്‍ സമയം വൈകുന്നേരം അഞ്ചു മണിയോടെയാണ് ഗൂഗിള്‍ സേവനങ്ങള്‍ക്ക് തടസം നേരിട്ടത്.
വെബ് ഔട്ടേജ് റിപ്പോര്‍ട്ട് ചെയ്യുന്ന വെബ്‌സൈറ്റ് ആയ ഡൗണ്‍ ഡിറ്റക്ടര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏകദേശം 40,000 ഔട്ടേജുകള്‍ റിപ്പോര്‍ട്ട് ചെയ്തു. YouTube- നും Gmail- നും ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ആഴ്ചയിലെ ആദ്യ ദിവസം തന്നെ ഗൂഗിള്‍ സേവനങ്ങള്‍ തടസപ്പെട്ടതിനെക്കുറിച്ച് ട്വിറ്ററില്‍ ട്വീറ്റുകള്‍ നിറഞ്ഞു.
അതേസമയം ഇപ്പോള്‍ ജി മെയില്‍ ഉപയോഗിക്കാന്‍ കഴിയുന്നുണ്ടെങ്കിലും ഒരു മുന്നറിയിപ്പ് സന്ദേശം അത് നല്‍കുന്നുണ്ട്. ജി മെയിലിന് താല്‍ക്കാലികമായി കോണ്‍ടാക്ടുകള്‍ എടുക്കാന്‍ കഴിയുന്നില്ലെന്നുള്ളതാണ് മുന്നറിയിപ്പ്. സേവനങ്ങള്‍ ബാധിക്കപ്പെട്ട യു ട്യൂബും ഇപ്പോള്‍ തിരിച്ചെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി ഫേസ്ബുക്കിന് കീഴിലുള്ള വാട്ട്‌സാപ്പ് ഇന്‍സ്റ്റാ ഗ്രാം എന്നിവയില്‍ ഇത്തരത്തിലുള്ള പണിമുടക്ക് സ്ഥിരമായി വരികയാണ്. അതിനിടെയാണ് ഇപ്പോള്‍ ഗൂഗിളും പണി മുടക്കിയിരിക്കുന്നത്. ലോകമെമ്പാടുമായി കോടിക്കണക്കിനു ആളുകളാണ് ഗൂഗിള്‍ സേവനങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നത്.