തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി ; മൂന്നാംഘട്ടത്തില്‍ പോളിംഗ് 78.67 ശതമാനം

തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് സമാപിച്ചു. ഇനി ഫലപ്രഖ്യാപനത്തിനുള്ള കാത്തിരിപ്പ്. മൂന്നാം ഘട്ടത്തിലും കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തിയത്. വടക്കന്‍ ജില്ലകളില്‍ 78.46 ആണ് പോളിംഗ് ശതമാനം. സംസ്ഥാനത്ത് ആകെ 76 ശതമാനം പോളിങ് രേഖപ്പെടുത്തി. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് മൂന്നാംഘട്ടത്തില്‍ ജനവിധി തേടിയത്.

ഏറ്റവും കൂടുതല്‍ വോട്ട് പോള്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 78.77 ശതമാനം പോളിങ്ങാണ് മലപ്പുറത്ത് രേഖപ്പെടുത്തിയത്. നഗരസഭാ പരിധികളില്‍ ആന്തൂര്‍ നഗരസഭയിലാണ് പോളിംഗ് ഏറ്റവും കൂടുതല്‍. കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്.കാസര്‍ഗോഡ് – 76. 57,കണ്ണൂര്‍ – 77.88, കോഴിക്കോട് – 78. 31എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പോളിംഗ് ശതമാനം. അതിനിടെ കണ്ണൂരില്‍ കള്ളവോട്ട് ചെയ്‌തെന്ന് പരാതിയും ഉയര്‍ന്നു. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് കള്ളവോട്ട് ആരോപണം ഉയര്‍ന്നത്.

രാവിലെ മുതല്‍ മിക്ക ബൂത്തുകള്‍ക്ക് മുന്നിലും വോട്ടര്‍മാരുടെ നീണ്ട നിരയുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങിയ പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയായിരുന്നു പോളിംഗ്. കള്ളവോട്ടുകള്‍ തടയുന്നതിനായി വെബ് കാസ്റ്റിങ് ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രോട്ടോകാള്‍ പാലിച്ചാണ് ഓരോ പോളിങ് ബൂത്തും സജ്ജീകരിച്ചിട്ടുള്ളത്. പോസിറ്റീവായവര്‍ വൈകിട്ടോടെയാണ് വോട്ട് ചെയ്തത്.