16 മാസത്തിനിടെ രണ്ടാമത്തെ സംഭവം ; പ്രദീപിന്റെ മരണം കൊലപാതകം എന്ന ആരോപണം ശക്തം
തലസ്ഥാന നഗരിയില്‍ 16 മാസത്തിനിടെ അരങ്ങേറിയ രണ്ടാമത്തെ സംഭവമായി പ്രദീപ് എന്ന മാധ്യമ പ്രവര്‍ത്തകന്റെ മരണം. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫും മലപ്പുറം ചെറിയമുണ്ടം സ്വദേശിയുമായ കെ മുഹമ്മദ് ബഷീര്‍ അപകടത്തില്‍ മരിച്ചത് തിരുവനന്തപുരത്ത് വെച്ചായിരുന്നു . യുവ ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാറിടിച്ചാണ് കെ.എം ബഷീര്‍ കൊല്ലപ്പെട്ടത്.
കെ.എം ബഷീറിന്റെ മരണത്തില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. ആദ്യം കേസ് ഒതുക്കാന്‍ ശ്രമിച്ച പോലീസ് പ്രതിഷേധം ശക്തമായപ്പോള്‍ കേസ് എടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശ്രീറാമിനെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും പിന്നീട് സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു. എന്നാല്‍ അന്നത്തെ സംഭവത്തില്‍ ഉള്ളത് പോലെ തന്നെ ഒരേ ദിശയില്‍ വന്ന വാഹനമിടിച്ചതും, അപകടശേഷം ഇടിച്ച അജ്ഞാത വാഹനം നിര്‍ത്താതെ പോയതുമാണ് എസ്.വി പ്രദീപിന്റെ അപകട മരണത്തില്‍ ദുരൂഹത ആരോപിക്കുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി എസ്.വി പ്രദീപിന്റെ കുടുംബവും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. എസ്.വി പ്രദീപിന്റെ മരണം സംബന്ധിച്ച് അന്വേഷണം വേണമെന്ന് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ഉന്നയിച്ചിട്ടുണ്ട്.
വൈകിട്ടു നാലു മണിയോടെയാണ് മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചത്. തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപത്തിനു സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് പ്രദീപ് മരിച്ചത്. ഒരേ ദിശയില്‍ നിന്നു വന്ന വാഹനം ഇടിച്ചായിരുന്നു അപകടം. അപകടശേഷം ഇടിച്ച വാഹനം നിര്‍ത്താതെ പോയി. പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളെ ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
അതിനിടെ മരണത്തില്‍ ദുരൂഹത ആരോപിച്ചു പ്രദീപിന്റെ കുടുംബം രംഗത്തെത്തി.പ്രദീപ് ഇപ്പോള്‍ നടത്തിവരുന്ന ഓണ്‍ലൈന്‍ മാധ്യമ ചാനലിലെ സഹ പ്രവര്‍ത്തകരും പ്രദീപിന്റെ മരണം കൊലപാതകം എന്ന തരത്തിലാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുന്നത്. അടുത്ത കാലത്തായി സംസ്ഥാന സര്‍ക്കാരിന് എതിരെ രൂക്ഷമായ ഭാഷയിലാണ് പ്രദീപ് വാര്‍ത്തകള്‍ നല്‍കി വന്നിരുന്നത്. ഇതിനെതിരെ സര്‍ക്കാര്‍ അനുകൂലികളില്‍ നിന്നും പ്രദീപിന് ഭീഷണി ഉണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു.
അതേസമയം എസ്.വി പ്രദീപിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതാപചന്ദ്രന്‍ നായരുടെ സംഘമാകും ഈ കേസ് അന്വേഷിക്കുക.