മലപ്പുറത്ത് ഒരാഴ്ച നിരോധനാജ്ഞ ; രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെ

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മുന്നോടിയായി മലപ്പുറത്തു ഡിസംബര്‍ 16 മുതല്‍ ഡിസംബര്‍ 22 വരെ സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെയാണ് നിരോധനാജ്ഞ. രാത്രി എട്ട് മണി മുതല്‍ കാലത്ത് എട്ട് മണി വരെ വിവാഹം, മരണം എന്നീ ചടങ്ങുകള്‍ ഒഴികെ പ്രകടനം, ഘോഷയാത്ര, സമ്മേളനങ്ങള്‍, മുതലായവ അനുവദനീയമല്ല. രാത്രി എട്ട് മണിക്ക് ശേഷം ആരാധനാലയങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മൈക്ക് ഉപയോഗിക്കുവാന്‍ പാടില്ല.

തുറന്ന വാഹനങ്ങള്‍ അനുവദനീയമായ ശബ്ദത്തില്‍ കൂടുതല്‍ ഉള്ള ഉച്ചഭാഷിണി പകല്‍ സമയത്തും ഉപയോഗിക്കുവാന്‍ പാടില്ല. പകല്‍സമയത്തെ വിജയാഹ്ലാദ പരിപാടികളിലും സമ്മേളനങ്ങളിലും മറ്റും 100ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുവാന്‍ പാടില്ല. ഈ പരിപാടികളില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.

10 വയസിന് താഴെയുള്ള കുട്ടികളും 65 വയസിന് മുകളിലുള്ള സ്ഥാനാര്‍ത്ഥികള്‍ ഒഴികെയുള്ള വ്യക്തികളും വിജയാഹ്ലാദ പരിപാടികളിലും സമ്മേളനങ്ങളിലും മറ്റും പങ്കെടുക്കുവാന്‍ പാടില്ല. കോഴിക്കോട് അഞ്ചിടത്താണ് നിരോധനാജ്ഞ. നാദാപുരം, വളയം, കുറ്റ്യാടി, പേരാമ്പ്ര, വടകര പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ. ഡിസംബര്‍ 17ന് വൈകീട്ട് വരെയാണ് കോഴിക്കോട്ടെ നിരോധനാജ്ഞ. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 500 മീറ്റര്‍ പരിധിയില്‍ കൂട്ടംകൂടാന്‍ പാടില്ല. വാര്‍ഡുകളിലും മുന്‍സിപ്പാലിറ്റിയിലും അതത് പരിധിയില്‍ മാത്രമേ ആഹ്ലാദ പ്രകടനം പാടുള്ളൂ. വോട്ടെടുപ്പ് ദിവസം പലയിടങ്ങളിലും അക്രമം നടന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍.