ബിഹാര്‍ സ്വദേശിനിയെ പീഡിപ്പിച്ച കേസ് ; ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം
ബിഹാര്‍ സ്വദേശിയായ യുവതിയെ വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അന്ധേരി മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. കോടതിയില്‍ ഹാജരായ ബിനോയ് കോടിയേരിയെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു.
കേസ് രജിസ്റ്റര്‍ ചെയ്ത് ഒന്നര വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം നല്‍കുന്നത്. യുവതിയുടെ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനുള്ള ഡിഎന്‍എ പരിശോധനാഫലം സമര്‍പ്പിച്ചിട്ടില്ല. ഡിഎന്‍എ പരിശോധനാഫലം ലാബില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ 2019 ജൂണ്‍ 13നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ദുബൈയിലെ ഡാന്‍സ് ബാറില്‍ ജോലി ചെയ്യുമ്പോഴാണ് ബിനോയിയെ പരിചയപ്പെട്ടതെന്നും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതി. ആ ബന്ധത്തില്‍ തനിക്ക് കുഞ്ഞുണ്ടെന്നും യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്തിയത്.2018ലാണ് ബിനോയ് വിവാഹതിനാണെന്ന കാര്യം അറിയുന്നതെന്നും അവര്‍ ആരോപിക്കുന്നു.