ക്രിസ്മസിനെ വരവേല്‍ക്കാന്‍ ഓസ്ട്രിയയുടെ മനോഹാരിതയില്‍ നിന്നും ഒരു സൂപ്പര്‍ കരോള്‍ ഗാനം
വിയന്ന: 2011-ല്‍ യുനെസ്‌കോ ‘മാനവരാശിയുടെ പൈതൃക സ്വത്തായി’ പ്രഖ്യാപിച്ച എക്കാലത്തെയും മികച്ച ക്രിസ്മസ് ഗാനമാണ് സൈലന്റ് നൈറ്റ്, ഹോളി നൈറ്റ്. ഓസ്ട്രിയയിലെ ഒരു കുന്നില്‍ ചെരുവില്‍ നിന്നും മഞ്ഞുപോലെ പെയ്തിറങ്ങിയ ഈ ഗീതം 300-ല്‍ അധികം ഭാഷകളിലേയ്ക്കാണ് വിവര്‍ത്തനം ചെയ്യപ്പെട്ടത്. സംഗീതത്തിന്റെ നാടായ ഓസ്ട്രിയയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഫാ. വില്‍സണ്‍ മേച്ചേരിയുടെ നേതൃത്വത്തില്‍ പുതിയ ക്രിസ്മസ് ഗാനമെത്തിയിരിക്കുകയാണ്.
ഓസ്ട്രിയയിലെ മഞ്ഞുമലയില്‍ പൂര്‍ണ്ണമായും ചിത്രീകരിച്ച ആദ്യ മലയാള ആല്‍ബത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നതും, ആലപിച്ചിരിക്കുന്നതും മിനി സ്‌ക്രീനിലൂടെയും, മ്യൂസിക് ഷോകളിലൂടെയും സുപരിചിതനായ സംഗീതഞ്ജന്‍ ഫാ. വില്‍സണ്‍ മേച്ചേരിയാണ്. രചന ചൈനീസ് മിഷനറിയായ ക്‌ളരീഷ്യന്‍ സഭാംഗം ഫാ. ജിജോ കണ്ടംകുളത്തിയാണ്. മക്കാവില്‍ നിന്നും കഴിഞ്ഞവര്‍ഷം വിയന്ന സന്ദര്‍ശിച്ച ഫാ. ജിജോയുമായുള്ള കൂടിക്കാഴ്ചയിലാണ് ഈ ഗാനത്തിന്റെ വരികളും സംഗീതവും ആവിര്‍ഭവിച്ചതും, കൊറോണകാലത്ത് ഈ ഗാനത്തിന് ദൃശ്യാവിഴ്കാരം നല്‍കി പുറത്തിറക്കാന്‍ സാധിച്ചത് ഒരു സംഗീതസൗഹൃദത്തിന്റെ സന്ദേശംകൂടിയാണെന്ന് ഫാ. വില്‍സണ്‍ പറഞ്ഞു.
വിയന്നയില്‍ നിന്നുള്ള യുവകലാകാരന്‍ സിമി കൈലത്താണ് ആല്‍ബത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഓര്‍ക്കസ്ട്രഷന്‍ നിര്‍വഹിച്ചിരിക്കുന്നത് പ്രദീപ് ടോമും വീഡിയോ എഡിറ്റിംഗ് ആദര്‍ശ് കുര്യനുമാണ്. സംഗീതത്തില്‍ ഗവേഷണം നടത്തുന്ന ഫാ. ജാക്‌സണ്‍ സേവ്യറാണ് ആല്‍ബത്തിന്റെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. യൂറോപ്യന്‍ മലയാളികള്‍ക്കു സുപരിചിതയായ ഗായിക ബ്ലസി ബെന്നിയും ഫാ, വില്‍സൊനോടൊപ്പം വിയന്നയിലെ ഗായകരായ ജെന്‍സ് ചെന്താടിയിലും റോജിന്‍ വര്‍ഗീസും ഒരുമിച്ച് ചേരുന്ന ഈ സംഗീതശില്‍പം ക്രിസ്മസ് ഓര്‍മകള്‍ക്ക് സുഗന്ധവും കാഴ്ചകള്‍ക്ക് തിളക്കവും മനസ്സിന് ചൈതന്യവും സമ്മാനിക്കും.