പൂഞ്ഞാര്‍ കടമ്പ ഷോണ്‍ ജോര്‍ജ് കടക്കുമോ ?

Shone George
തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ എന്നത്തേയും പോലെ ഇപ്രാവശ്യവും ‘പൂഞ്ഞാര്‍’ ചര്‍ച്ചകളില്‍ ഇടം പിടിക്കും.
ഒറ്റസ്ഥാനാര്‍ഥിത്വം വഴി കേരള രാഷ്ട്രീയത്തില്‍ തങ്ങളുടെ സാന്നിധ്യം ചര്‍ച്ചയക്കാന്‍ കഴിഞ്ഞത് പി. സി. ജോര്‍ജിനും, ജനപക്ഷത്തിനും നേട്ടം തന്നെയാണ്. എന്നാല്‍ ഇത് ഇരുതല മൂര്‍ച്ചയുള്ള വാള് പോലെയാണ്. ഒട്ടും അനുകൂലമല്ലാത്ത സാഹചര്യത്തില്‍ ഒരു പരീക്ഷണമെന്ന് തന്നെ പറയാവുന്നതരത്തിലാണ് പി. സി. ഷോണ്‍ ജോര്‍ജിനെ ഈ തിരഞ്ഞെടുപ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്. 2001, 2006 പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ മുന്നണികള്‍ക്കൊപ്പം മത്സരിച്ചപ്പോള്‍ ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷനില്‍ ഇരുമുന്നണികളും ഷോണിന് അവസരം നല്‍കിയപ്പോള്‍ അതിന് തടയിട്ടതും ഇതേ പി. സി. തന്നെയാണ്.
ജനപക്ഷവും, ജയപരാജയവും
ഏഴ് പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് പൂഞ്ഞാര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍. ഇതില്‍ തലനാട്, തലപ്പലം, മേലുകാവ്, മൂന്നിലവ് എന്നീ പഞ്ചായത്തുകള്‍ പാലാ നിയോജക മണ്ഡലത്തിന്റെ ഭാഗവും പൂഞ്ഞാര്‍ , തീക്കോയി, തിടനാട് പഞ്ചായത്തുകള്‍ പൂഞ്ഞാര്‍ നിയോചകമണ്ഡലത്തിന്റെ
ഭാഗവുമാണ്. കേരളാ കോണ്‍ഗ്രസ്സിനും, കോണ്‍ഗ്രസ്സിനും ഒരുപോലെ വേരോട്ടമുള്ള മണ്ണാണ് പൂഞ്ഞാര്‍ ഡിവിഷന്‍. ജനപക്ഷത്തേയും, പി.സി. ജോര്‍ജ്ജിനെയും സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളി നിറഞ്ഞതാണ് ഇവിടുത്തെ മത്സരം. മത്സരഫലം പി.സി. ജോര്‍ജിന്റെയും ജനപക്ഷത്തിന്റെയും ഭാവി തീരുമാനിക്കപ്പെടുമെന്നതിന് സംശയമില്ല. അതുകൊണ്ട് തന്നെയാകണം ശക്തരായ മുന്നണി സ്ഥാനാര്‍ത്ഥികളോട് ഏറ്റ് മുട്ടന്‍ ജനപക്ഷം ഷോണ്‍ ജോര്‍ജിനെ തന്നെ രംഗത്തിറക്കിയത്. കേരളത്തില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ഇന്ന് വരെ ഒറ്റക്കൊരു സ്ഥാനാര്‍ഥി മുന്നണികളോട് മത്സരിച്ച് ജയിച്ച ചരിത്രമില്ല. അതുകൊണ്ട് തന്നെ ഇവിടെ ജയിക്കാന്‍ സാധിച്ചാല്‍ ജനപക്ഷത്തിന് അതൊരു വലിയ നേട്ടമായി മാറുമെന്നതിന് സംശയമില്ല.
ഷോണ്‍ ജോര്‍ജ്
ഇരുപത് വര്‍ഷമായി പൊതുപ്രവര്‍ത്തന മേഖലയില്‍ സജീവമായി ഉണ്ടെങ്കിലും, തിരഞ്ഞെടുപ്പ് രാഷ്ട്രീയയത്തില്‍ ഷോണിനിത് കന്നിയങ്കമാണ്. 2011, 2016 തിരഞ്ഞെടുപ്പുകളില്‍ പി.സി ജോര്‍ജിന്റെ മിന്നുന്ന വിജയത്തിന്റെ ശില്പിയും ഷോണ്‍ ജോര്‍ജയിരുന്നു. കാര്‍ഷിക മേഖലയിലെയും, ശബരിമല വിഷയത്തിലെയും ഷോണിന്റെ ഇടപെടലുകളും ക്രൈസ്തവസഭയുടെ പിന്തുണയുമാണ് ജനപക്ഷം പ്രതീക്ഷ വെക്കുന്നത്. മൂന്ന് മുന്നണികളോടും ഏറ്റുമുട്ടി ജില്ലാ പഞ്ചായത്തില്‍ പി.സി.ക്ക് ലഭിച്ച വിജയം ആവര്‍ത്തിക്കുമോ എന്നത് കാത്തിരുന്ന് കാണാം.
ഷോണിന്റെ ജയപരാജയങ്ങള്‍
കന്നിയങ്കത്തില്‍ തന്നെ പരാജയമേറ്റുവാങ്ങേണ്ടി വന്നാല്‍ ഷോണിനും ജനപക്ഷത്തിനും അതൊരു ചോദ്യ ചിഹ്നമാകും. മറിച്ചാണെങ്കില്‍ കോട്ടയം രാഷ്ട്രീയത്തില്‍ രണ്ടാം തലമുറയിലെ ശക്തനായ നേതാവായി ഷോണ്‍ മാറുമെന്നതിന് സംശയമില്ല. നാമമാത്ര ജനപക്ഷ പ്രവര്‍ത്തകരുള്ള പാലാ നിയോജകമണ്ഡലത്തിലെ നാല് പഞ്ചായത്തുകള്‍ ഷോണിനെ പിന്തുണക്കുന്നെകില്‍ അത് കര്‍ഷക സമൂഹത്തിന്റെയും, ക്രൈസ്തവ സഭയുടെയും പിന്തുണയെന്ന് വിലയിരുത്തപ്പെടും.