സംസ്ഥാനത്ത് വോട്ടെണ്ണല്‍ നാളെ ; കോഴിക്കോട് നിരോധനാജ്ഞ
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സംസ്ഥാനത്താകെ സജ്ജീകരിച്ചിരിക്കുന്നത്. നാളെ രാവിലെ എട്ടു മണിമുതല്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വോട്ടെണ്ണല്‍ നടക്കുക. ആദ്യ എണ്ണുന്നത് കൊറോണ ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിഞ്ഞവര്‍ക്കും വിതരണം ചെയ്ത സ്‌പെഷ്യല്‍ തപാല്‍ വോട്ടുകള്‍ ഉള്‍പ്പടെയുള്ള പോസ്റ്റല്‍ വോട്ടുകളായിരിക്കും. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് തല വിതരണ, സ്വീകരണ കേന്ദ്രങ്ങളിലായിരിക്കും നടക്കുക. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അതാത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടെണ്ണും.
ഗ്രാമപഞ്ചായത്തുകളിലേയും ബ്ലോക്ക് പഞ്ചായത്തുകളിലേയും ജില്ലാപഞ്ചായത്തുകളിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതാത് വരണാധികാരികളാണ് എണ്ണുക. ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രത്യേക വോട്ടെണ്ണല്‍ ഹാളും സജ്ജീകരിച്ചിട്ടുണ്ട്.
മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഓരോ വരണാധികാരികള്‍ക്കും പ്രത്യേക കൌണ്ടിംഗ് ഹാള്‍ ഉണ്ടായിരിക്കും. കൌണ്ടിംഗ് ടേബിള്‍ സജ്ജീകരിക്കുന്നത് പരമാവധി എട്ട് പോളിംഗ് സ്റ്റേഷനുകള്‍ക്ക് ഒരു ടേബിള്‍ എന്ന രീതിയിലാകും. എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളും ഇന്ന് അണുവിമുക്തമാക്കും. കൌണ്ടിംഗ് ഓഫീസര്‍മാര്‍ കയ്യുറയും മാസ്‌കും ഫേസ് ഷീല്‍ഡും ധരിക്കണം അതുപോലെ കൌണ്ടിംഗ് ഹാളില്‍ എത്തുന്ന സ്ഥാനാര്‍ത്ഥികളും ഏജന്റുമാരും കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് വേണം എത്തേണ്ടത്. തിരഞ്ഞെടുപ്പ് ഫലം തത്സമയം കമ്മീഷന്റെ ട്രെന്‍ഡ് വെബ്‌സൈറ്റില്‍ ലഭ്യമാക്കും. വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് ആള്‍ക്കൂട്ടം അനുവദിക്കില്ല. മാത്രമല്ല ഫലപ്രഖ്യാപനത്തിന് ശേഷമുള്ള പ്രവര്‍ത്തകരുടെ ആള്‍ക്കൂട്ടവും ആഹ്‌ളാദപ്രകടനവും ഇക്കുറി ഉണ്ടാകില്ലയെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം കോഴിക്കോട് അഞ്ച് സ്ഥലങ്ങളില്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാദാപുരം, വളയം, കുറ്റ്യാടി, പേരാമ്പ്ര, വടകര പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ. ഡിസംബര്‍ 17ന് വൈകീട്ട് വരെയാണ് നിരോധനാജ്ഞ. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 500 മീറ്റര്‍ പരിധിയില്‍ കൂട്ടംകൂടാന്‍ പാടില്ല. വാര്‍ഡുകളിലും മുന്‍സിപ്പാലിറ്റിയിലും അതത് പരിധിയില്‍ മാത്രമേ ആഹ്ലാദ പ്രകടനം പാടുള്ളൂ. വോട്ടെടുപ്പ് ദിവസം പലയിടങ്ങളിലും അക്രമം നടന്ന പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ.