മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വായ്പ എടുക്കുന്നവര്‍ ശ്രദ്ധിക്കുക ; നിങ്ങളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നു കഴിഞ്ഞു

മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ലഭിക്കുന്ന വായ്പ അഴിയാക്കുരുക്ക് ആണെന്ന് അനുഭവസ്ഥര്‍. നിരവധി വീട്ടമ്മമാര്‍ ആണ് ഇത്തരം വായ്പാക്കുരുക്കില്‍ കുടുങ്ങിയിരിക്കുന്നത്. ലോണ്‍ എടുക്കുവാന്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ചോരുന്ന സ്വകാര്യ വിവരങ്ങളാണ് ഇവരെ ഭീഷണിപ്പെടുത്താനായി  ലോണ്‍ നല്‍കിയവര്‍ ഉപയോഗിക്കുന്നത്. ഇത്തരം ലോണുകള്‍ പരിധിയില്ലാതെ എടുത്ത് കുരുക്കിലായവരും നിരവധിയാണ്.

ക്രെഡിറ്റ് സ്‌കോര്‍ പരിഗണിക്കാതെ തന്നെ ലോണ്‍ ലഭിക്കുന്നതിനാല്‍ അവശ്യക്കാരും ഇത്തരം ലോണുകള്‍ക്ക് ഏറെയാണ്. കുരുക്കില്‍പ്പെട്ട എറണാകുളം നെട്ടൂരിലെ ഒരു സംഘം വീട്ടമ്മമാര്‍ തിരിച്ചടവില്‍ മുടക്കം വന്നതോടെ ബ്ലാക്ക് മെയിലിംഗിന് ഇരകളായി. ഫോണില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ചാണ് ഭീഷണി. ഫോണില്‍ സേവ് ചെയ്തിരിക്കുന്ന എല്ലാം നമ്പറുകളിലേക്കും ലോണ്‍ എടുത്തവരെ പറ്റിയുള്ള മെസേജുകള്‍ എത്തും.

36% വരെയുള്ള കൊള്ളപ്പലിശ ഈടാക്കുന്ന ഇന്‍സ്റ്റന്റ് ലോണുകള്‍ ശീലമാക്കിയ പലരും അവസാനം ചെന്നുപെടുന്നത് അഴിയാക്കുരുക്കിലാണ്. ജാമ്യ വ്യവസ്ഥകളും ദുര്‍ബലമായിരിക്കും. ഒരേസമയം നിരവധി ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് വ്യത്യസ്ത ലോണുകള്‍ എടുക്കുന്നവരുടെ എടുക്കുന്നവരുടെ എണ്ണവും അനവധിയാണ്. നിയമവിരുദ്ധമായ നിരവധി ആപ്ലിക്കേഷനുകള്‍ സൈബര്‍ ഇടങ്ങളില്‍ സജീവമാണ്. ഒരു ക്ലിക്ക് അകലത്തില്‍ പണം അക്കൗണ്ടില്‍ എത്തുമെന്നതിനാല്‍ നിരവധി ലോണുകള്‍ ഒരേസമയം എടുക്കുന്നവരുമുണ്ട്.