SV പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി ; ഡ്രൈവര്‍ കസ്റ്റഡിയില്‍ ; അപകട മരണം എന്ന് പോലീസ്
മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിനെ ഇടിച്ചു കൊലപ്പെടുത്തിയ ലോറി കണ്ടെത്തി. ലോറി ഡ്രൈവര്‍ ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിയും ഡ്രൈവറെയും ഈഞ്ചക്കലില്‍ വച്ചാണ് പൊലീസ് കസ്റ്റഡിലെടുത്തതായാണ് വിവരം. അപകട മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് ഡ്രൈവറും ലോറിയും കസ്റ്റഡിയിലായിരിക്കുന്നത്. ആരോപണവുമായി അദ്ദേഹത്തിന്റെ കുടുംബവും ഇന്നലെത്തന്നെ രംഗത്തെത്തിയിരുന്നു. എസ്.വി പ്രദീപിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെയും ഇന്നലെ തന്നെ നിയോഗിച്ചിരുന്നു. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതാപചന്ദ്രന്‍ നായരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോയത് ഭയന്നിട്ടാണെന്നാണ് ഡ്രൈവര്‍ ജോയിയുടെ മൊഴി. അപകട സമയത്ത് വാഹനത്തിന്റെ ഉടമ മോഹനനും ഒപ്പമുണ്ടായിരുന്നു. വെള്ളയാണിയില്‍ ലോഡ് ഇറക്കിയ ശേഷം തൃക്കണ്ണാപുരം വഴി പേരൂര്‍ക്കടയിലെത്തി. തുടര്‍ന്ന് വാഹനം ഈഞ്ചയ്ക്കലിലേക്ക് മാറ്റി. വാഹനത്തിന്റെ ഉടമയെയും വിളിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു. പ്രദീപിന് സമൂഹമാധ്യമങ്ങളിലടക്കം ഭീഷണിയുണ്ടായിരുന്നതായാണ് അമ്മ വസന്ത കുമാരി പറഞ്ഞത്.
തിങ്കളാഴ്ച വൈകിട്ടു നാലു മണിയോടെയാണ് എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചത്. തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപത്തിനു സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് പ്രദീപ് മരിച്ചത്. ഒരേ ദിശയില്‍ നിന്നു വന്ന വാഹനം ഇടിച്ചായിരുന്നു അപകടം. അപകടശേഷം ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. കൈരളി ടിവി, മംഗളം ടിവി, ന്യൂസ് 18 കേരളം, മനോരമ തുടങ്ങി വിവിധ മാധ്യമങ്ങളില്‍ എസ്.വി പ്രദീപ് പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രദീപ് ജോലി ചെയ്തിട്ടുണ്ട്.