കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരന്‍

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. യുഡിഎഫിന്റെ പരാജയം ജനങ്ങള്‍ നല്‍കിയ ശിക്ഷയാണെന്ന് മുരളീധരന്‍ പറഞ്ഞു. രണ്ട് ജനപിന്തുണയുള്ളവരെ മുന്നണിയില്‍ നിന്ന് പറഞ്ഞു വിട്ടതോടെ യുഡിഎഫിന് കെട്ടുറപ്പില്ലെന്ന തോന്നലുണ്ടാക്കി. തന്നോട് പോലും സ്ഥാനാര്‍ത്ഥികളെ കുറിച്ച് ഒരഭിപ്രായം ചോദിച്ചില്ല. തോറ്റിട്ടും ജയിച്ചെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

ഓരോരുത്തരും അവരവരുടെ മണ്ഡലങ്ങള്‍ കൈവിടാതെ നോക്കിയിരുന്നെങ്കില്‍ ഈ തോല്‍വി ഒഴിവാക്കാമായിരുന്നെന്നും മുരളീധരന്‍ പറഞ്ഞു. യുഡിഎഫിന്റെ അടിത്തറക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന മുല്ലപ്പളളിയുടെ പ്രസ്താവനയെ മുരളീധരന്‍ പരിഹസിച്ചു. പൂര്‍ണ ആരോഗ്യവാനാണ്, എന്നാല്‍ വെന്റിലേറ്ററിലാണ് എന്നു പറയുന്നത്‌പോലെയാണ് ഈ പ്രസ്താവന എന്ന് അദ്ദേഹം പറഞ്ഞു.വിളിക്കാത്ത സദ്യക്ക് ഉണ്ണാന്‍ പോകുന്ന ശീലം തനിക്കില്ല. അതിനാല്‍ വടകരയിലും വട്ടിയൂര്‍ക്കാവിലും മാത്രമാണ് താന്‍ ഇടപെട്ടത്. വടകരയില്‍ ജയിക്കാവുന്ന ഒരു ഡിവിഷന്‍ വിവാദങ്ങളിലൂടെ നഷ്ടപ്പെടുത്തി. താന്‍ വോട്ട് ചെയ്തിടത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി ജയിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

യുഡിഎഫില്‍ ഐക്യമില്ല. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തെ പോലത്തെ മികച്ച പ്രതിപക്ഷ നേതാക്കന്മാര്‍ ഇന്ന് കോണ്‍ഗ്രസിലില്ലെന്നും മുരളീധരന്‍ ആഞ്ഞടിച്ചു. സംസ്ഥാനത്ത് ബിജെപി യുടെ വളര്‍ച്ച കണാതെ പോകരുതെന്നും മുരളീധരന്‍ പറഞ്ഞു.