കേരളത്തില്‍ എല്‍ഡിഎഫ് തേരോട്ടം

തിരഞ്ഞെടുപ്പില്‍ കോര്‍പറേഷനുകള്‍ ഉള്‍പ്പെടെയുള്ള തദ്ദേശ ഭരണം എല്‍ഡിഎഫിന്. ഗ്രാമ പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും എല്‍ഡിഎഫ് തരംഗമാണ് ഉണ്ടായത്. അതേസമയം മുനിസിപ്പാലിറ്റികളില്‍ യുഡിഎഫിനാണ് മുന്നേറ്റം. കണ്ണൂര്‍ കോര്‍പറേഷനില്‍ യുഡിഎഫിന് കേവല ഭൂരിപക്ഷം ലഭിച്ചു. കണ്ണൂരിലെ 55 ഡിവിഷനില്‍ 28 ഇടത്തും യുഡിഎഫ് വിജയിച്ചു. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയെങ്കിലും അതിനെ വോട്ടാക്കി മാറ്റാന്‍ സാധിക്കാത്ത അവസ്ഥയിലാണ് മുഖ്യ പ്രതിപക്ഷമായ യു.ഡി.എഫ്.

തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫ് ഉറപ്പിച്ചു. ബിജെപി ഭരണം പിടിക്കുമെന്ന് അവകാശവാദമുന്നയിച്ച കോര്‍പ്പറേഷനില്‍ കഴിഞ്ഞ തവണ നേടിയ സീറ്റ് നേടാനായില്ല. യുഡിഎഫ് തകര്‍ന്നടിഞ്ഞ കാഴ്ചയാണ് തലസ്ഥാനത്ത് കണ്ടത്. ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരം അനുസരിച്ച് എല്‍ഡിഎഫിന് 40, ബിജെപി 30, യുഡിഎഫ് 9 എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം. തൃശൂര്‍ കോര്‍പ്പറേഷനിലും ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. ആകെയുള്ള 941 ഗ്രാമ പഞ്ചായത്തുകളില്‍ 511 ഇടത്ത് എല്‍ഡിഎഫും 369 ഇടത്ത് യുഡിഎഫും 26 ഇടങ്ങളില്‍ ബിജെപിയും വിജയിച്ചു. ആറ് കോര്‍പ്പറേഷനുകളില്‍ 5 സീറ്റ് എല്‍ഡിഎഫും 1സീറ്റ് യുഡിഎഫും നേടി. മുന്‍സിപ്പാലിറ്റികളില്‍ എല്‍ഡിഎഫ്- 35, യുഡിഎഫ്-45, ബിജെപി-2 എന്നിങ്ങനെയാണ് സിറ്റുകള്‍ ലഭിച്ചത്. ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ്- 10, യുഡിഫ്-4 എന്ന നിലയിലാണ. ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ എല്‍ഡിഎഫ്-112, യുഡിഎഫ്- 38, ബിജെപി-1 എന്ന നിലയിലാണ് വിജയം ഉറപ്പിച്ചിരിക്കുന്നത്.

അതുപോലെ കൊച്ചിന്‍ കോര്‍പറേഷന്‍ ഭരണവും എല്‍ഡിഎഫ് പിടിച്ചേക്കും. യുഡിഎഫിന് ഭരണത്തുടര്‍ച്ച ലഭിച്ചേക്കില്ലെന്നാണ് ഒടുവിലായി പുറത്തുവരുന്ന ഫലം സൂചിപ്പിക്കുന്നത്. എല്‍ഡിഎഫ് 33 സീറ്റുകള്‍ നേടിയിരിക്കുകയാണ്. ഇനി രണ്ട് സീറ്റുകളില്‍ അനിശ്ചിതിത്വം തുടരുകയാണ്. ഒരു സീറ്റില്‍ ടോസ് ചെയ്താണ് വിജയയിലെ പ്രഖ്യാപിക്കുന്നത്. കലൂര്‍ സൗത്തിലാണ് അത്തരത്തിലൊരു കാര്യം നടന്നത്. കൊച്ചി കോര്‍പറേഷനില്‍ എല്‍ഡിഎഫ് 33 സീറ്റ് നേടിയപ്പോള്‍, യുഡിഎഫ് 30 സീറ്റ് നേടി. ബിജെപി അഞ്ച് സീറ്റുകളും നേടിയിട്ടുണ്ട്. കൊച്ചിയുടെ ഭാവി അരുടെ കൈയ്യില്‍ എത്തുമെന്നാണ് ഇനി അറിയേണ്ടത്.

പാലക്കാടിന് പിന്നാലെ പന്തളം നഗരസഭയിലും ഭരണം പിടിക്കാനായത് ബിജെപിയുടെ നേട്ടമാണ്. പന്തളത്തെ 33 വാര്‍ഡുകളില്‍ 17 ഇടത്ത് ബിജെപി മുന്നിലെത്തി. ഏറ്റവും വലിയ പ്രതിഷേധം ഉയര്‍ന്ന സ്ഥലങ്ങളിലൊന്നാണ് പന്തളം. കണ്ണൂര്‍ കോര്‍പറേഷനിലും ബിജെപി ചരിത്രത്തില്‍ ആദ്യമായി അക്കൗണ്ട് തുറന്നു. രാഷ്ട്രീയത്തിന് അതീതമായി പ്രദേശക തലത്തില്‍ രൂപീകരിക്കപ്പെട്ട മുന്നണികളും ശക്തി കാട്ടിയെന്നത് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതമായാണ്. പ്രത്യേകിച്ചും കിഴക്കമ്പലം പഞ്ചായത്തിലെ ഭരണകക്ഷിയായിരുന്ന ട്വന്റി-20. ഈ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലത്തിനു പുറമെ ഐക്കരനാടിലും ട്വന്റി-20ഭരണം പിടിച്ചു. മുഴവന്നൂര്‍, കുന്നത്തുനാട് എന്നിവിടങ്ങളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയും ട്വന്റി-20യാണ്. പട്ടാമ്പി നഗരസഭയില്‍ കോണ്‍ഗ്രസ് റിബലുകളുടെ കൂട്ടായ്മയായ വി ഫോര്‍ പട്ടാമ്പിയും തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമാണ് കാഴ്ചവച്ചത്. നഗരസഭ ആരു ഭരിക്കണമെന്നതില്‍ തീരുമാനം എടുക്കുന്നതും വി ഫോര്‍ പട്ടാമ്പിയായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.