പെരിയ ഇരട്ടക്കൊലപാതകത്തിന് മറുപടി , പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിച്ചു

വിവാദമായ പെരിയ ഇരട്ടക്കൊലപാതകം എല്‍ ഡി എഫിന് ബാധ്യതയായി.രണ്ട് യൂത്ത് കോണ്‍?ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന പൂല്ലൂര്‍ പെരിയ പഞ്ചായത്ത് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് തിരിച്ചുപിടിച്ചു. യുഡിഎഫ് 17 സീറ്റില്‍ നിന്ന് 9 വാര്‍ഡുകളില്‍ വിജയം സ്വന്തമാക്കി. കഴിഞ്ഞ തവണ യുഡിഎഫിന് ഇവിടെ നാല് സീറ്റുകള്‍ മാത്രമായിരുന്ന ലഭിച്ചത്. ഇത്തവണ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയ പ്രചരണ വിഷയമാക്കി പെരിയില്‍ യുഡിഎഫ് അഞ്ച് സീറ്റുകളും കൂടി ഉയര്‍ത്തുകയായിരുന്നു. എല്‍ഡിഎഫിന് ഏഴ് വാര്‍ഡുകള്‍ ലഭിക്കുകയും ബിജെപി ഒരിടത്ത് ജയിക്കുകയും ചെയ്തു. 2015ല്‍ യുഡിഎഫില്‍ നിന്ന് നഷ്ടമായ പഞ്ചായത്താണ് പുല്ലൂര്‍ പെരിയ. അത് ഈ തെരഞ്ഞെടുപ്പിലൂടെ യുഡിഎഫ് പിടിച്ചെടുത്തു.

കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി 300ല്‍ അധികം വോട്ടിനാണ് ജയിച്ചത്. ഇവിടെ സിപിഎം സ്വന്തം പേരില്‍ സ്ഥാനാര്‍ഥിയെ പോലും നിര്‍ത്തിയില്ല. ഇരട്ടക്കൊലപാതക കേസില്‍ പ്രധാന പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണ്. കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി സര്‍ക്കാരിന്റെ ആവശ്യത്തെ തള്ളി. കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് എല്‍ഡിഎഫ് നേരിട്ട പരാജയത്തിന്റെ കാരണങ്ങളിള്‍ ഒന്ന് ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകമായിരുന്നു. കഴിഞ്ഞ ദിവസം സിബിഐ ഉദ്യോഗസ്ഥര്‍ കല്ല്യോട്ടെത്തി ഇരുവരുടെയും കൊലപാതകം പുനരാവിഷ്‌കരിച്ചിരുന്നു. കല്ല്യോട്ടെ ഇരട്ടക്കൊലപാതകത്തിന് ശേഷം ആദ്യ തദ്ദേശ തെരഞ്ഞെടുപ്പാണിത്.