പൂഞ്ഞാറില്‍ ഷോണ്‍ ജോര്‍ജ്ജിന് വിജയം
പൂഞ്ഞാറില്‍ ഷോണ്‍ ജോര്‍ജിന് വിജയം. വോട്ട് എണ്ണി തുടങ്ങിയത് മുതല്‍ പടിപടിയായുള്ള മുന്നേറ്റമാണ് ഷോണ്‍ ജോര്‍ജ് കാഴ്ചവച്ചത്. ആദ്യം മൂന്നാം സ്ഥാനത്ത് ആയിരുന്നുവെങ്കിലും, പിന്നീട് രണ്ടാം സ്ഥാനത്തേക്കും അവസാനം ഒന്നാം സ്ഥാനത്തും ലീഡ് ചെയ്യുകയാണ് പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്.
പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തില്‍ പി.സി ജോര്‍ജിന് പിന്‍ഗാമിയാകാനുള്ള ഒരുക്കമായാണ് ഷോണ്‍ ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വം വിലയിരുത്തപ്പെടുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ 20 വര്‍ഷമായി തുടരുന്ന പൊതു പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം മക്കള്‍ രാഷ്ട്രീയത്തിന്റെ ഭാഗമല്ലെന്ന് ഷോണ്‍ ജോര്‍ജ് പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി പി.സി. ജോര്‍ജ് മത്സരിക്കില്ലെന്നും, ഷോണ്‍ ജോര്‍ജ് പകരക്കാരനായി എത്തുമെന്നും അഭ്യൂഹം ഉണ്ടായിരുന്നു. എന്നാല്‍ അതിനു മുന്നേ ഷോണ്‍ മത്സര രാഷ്ട്രീയത്തില്‍ സജീവമാകുകയാണ്.
പി സി ജോര്‍ജ്ജ് നയിക്കുന്ന ജനപക്ഷം പാര്‍ട്ടി രൂപംകൊണ്ട ശേഷം മലയോര മേഖലകളിലെ പഞ്ചായത്തുകളില്‍ പാര്‍ട്ടി കരുത്തു തെളിയിച്ചിരുന്നു. ജില്ലാ പഞ്ചായത്തിലെ പൂഞ്ഞാര്‍ ഡിവിഷന്‍ നിലവില്‍ ജന പക്ഷത്തിന്റെ സിറ്റിംഗ് സീറ്റാണ്. രണ്ടായിരത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഷോണ്‍ നേടിയത്.