യു ഡി എഫിന്റെ നില ഭദ്രം എന്ന് നേതാക്കള്‍ ; ക്ഷീണം ബി ജെ പിക്ക്

സംസ്ഥാനത്തു തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കോട്ടം സംഭവിച്ചിട്ടില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഐക്യ ജനാധിപത്യ മുന്നണിയെ പിന്തുണച്ച എല്ലാ വോട്ടര്‍മാര്‍ക്കും മുല്ലപ്പള്ളി രാമചന്ദ്രന്‍ നന്ദി അറിയിച്ചു. തെരഞ്ഞെടുപ്പ് വിധി കോണ്‍ഗ്രസിനും യുഡിഎഫിനും എതിരാണെന്ന പ്രചരണം ശരിയല്ല. യുഡിഎഫിന്റെ അടിത്തറക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. 2015ലെ ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ എല്ലാ മേഘലയിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടുണ്ട്. നാളെ പൊളിറ്റിക്കല്‍ അഫയേഴ്‌സ് മീറ്റിങ് കൂടി തെറ്റുകുറ്റങ്ങള്‍ പരിശോധിക്കുമെന്നും യു.ഡി.എഫ് പറഞ്ഞു.

2019 ലോക്‌സഭ തെരഞ്ഞെടുപ്പ് യുഡിഎഫിന് മിന്നുന്ന വിജയമാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അത് രാഷ്ട്രീയ അടിസ്ഥാനമുള്ള തെരഞ്ഞെടുപ്പാണ്. അത് കേരള രാഷ്ട്രീയം എങ്ങോട്ട് പോകുന്നു എന്നതിന്റെ സൂചനയായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനേക്കാള്‍ യുഡിഎഫിന് സീറ്റ് നില മെച്ചപ്പെടുത്താന്‍ സാധിച്ചു. ബിജെപി ഒരു പൂര്‍ണ പരാജയമാണ് എന്ന് ഈ തെരഞ്ഞെടുപ്പ് തെളിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസി നേതാക്കളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹം തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പ്രതികരിച്ചത്. തെറ്റുതിരുത്താനുണ്ടെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

‘പ്രാദേശികമായ വിഷയങ്ങളാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിഷയങ്ങളാവുന്നതെന്നും, 2010ലെ തിരഞ്ഞെടുപ്പ് ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കി എല്ലാ തിരഞ്ഞെടുപ്പിലും LDFന് അനുകൂലമാണ് തദ്ദേശ തിരഞ്ഞെടുപ്പെന്ന് മനസിലാകും. ഈ തിരഞ്ഞെടുപ്പിലൂടെ BJP സംസ്ഥാനത്ത് അപ്രസക്തമായി, ചില പോക്കറ്റുകളില്‍ മാത്രമായി ബിജെപി ഒതുങ്ങിയെന്നാണ് മനസിലാക്കാനാവുന്നത്. തിരുവനന്തപുരം, പാലക്കാട്, പന്തളം എന്നിവിടങ്ങളില്‍ മാത്രമാണ് അവര്‍ക്ക് മുന്നേറ്റമുണ്ടാക്കാനായത്. തലസ്ഥാനത്ത് കോര്‍പ്പറേഷനിലുണ്ടായ തിരിച്ചടി പാര്‍ട്ടി പരിശോധിക്കും, രമേശ് ചെന്നിത്തല പറഞ്ഞു.