ട്രെയിനിന്റെ മുകളില്‍ സെല്‍ഫി എടുക്കാന്‍ കയറിയ 13 വയസുകാരന്‍ തീ പിടിച്ചു മരിച്ചു
ട്രെയിനിന് മുകളില്‍ സെല്‍ഫി എടുക്കാന്‍ കയറിയ 13 വയസുകാരന് ദാരുണാന്ത്യം. ഫോട്ടോ എടുക്കാന്‍ കൂടെ കയറിയ മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒഡീഷയിലെ ഗജപതി ജില്ലയില്‍ കോവിഡ് ഐസലേഷന്‍ യൂണിറ്റാക്കി മാറ്റിയ ട്രെയിനിലായിരുന്നു സംഭവം. ഗജപതി സ്വദേശിയായ പി സൂര്യ എന്ന 13 വയസുകാരനും രണ്ട് സുഹൃത്തുക്കളും പാര്‍ലഖേമുണ്ടി റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്ന ട്രെയിനിന്റെ കോച്ചില്‍ കയറി സെല്‍ഫി എടുക്കുകയായിരുന്നു. ഈ സമയത്ത് സൂര്യക്ക് വൈദ്യുത ആഘാതമേറ്റ് ശരീരം കത്തി സംഭവ സ്ഥലത്തുവെച്ചു തന്നെ മരിക്കുകയായിരുന്നു.
മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കും പൊള്ളലേറ്റതിനാല്‍ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ കോച്ചിന്റെ മേല്‍ക്കൂരക്കും തീപിടിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വാള്‍ട്ടെയര്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഒരു ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഗ്രൂപ്പ് രൂപീകരിച്ചു. സെല്‍ഫി എടുക്കുവാന്‍ ട്രെയിനിന് മുകളില്‍ കയറി സമാനമായ അപകട മരണങ്ങള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്.