കോവിഡ് ബാധിച്ച അധ്യാപക ദമ്പതികള്‍ കൈകള്‍ കോര്‍ത്തു മരണത്തിലേക്ക്

പി.പി. ചെറിയാന്‍

ഡാലസ് (ടെക്സസ്): ഡാലസിനു സമീപമുള്ള ഗ്രാന്റ്പ്രെറി സിറ്റിയില്‍ അധ്യാപകരായ ഭാര്യാ ഭര്‍ത്താക്കന്മാര്‍ കോവിഡ് ബാധിച്ചു മരിച്ചു. നോവല്‍ കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ഹാരിസ് മെത്തഡിസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അധ്യാപക ദമ്പതിമാരായ പോള്‍ ബ്ലാക്ക് വെല്‍ (61), റോസ്മേരി ബ്ലാക്ക് വെല്‍ (65) എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്. കൈകള്‍ കോര്‍ത്തു പിടിച്ച നിലയിരുന്നു ഇരുവരുടെയും മരണം.

ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ വെന്റിലേറ്ററിന്റെ സഹായത്താല്‍ ജീവന്‍ നിലനിര്‍ത്തിയിരുന്ന ഇവരെ കുടുംബാംഗങ്ങളുടെ അഭ്യര്‍ഥന മാനിച്ച് വെന്റിലേറ്ററില്‍ നിന്നു പുറത്തെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും കൈകള്‍ കോര്‍ത്ത് പിടിച്ചു മിനിറ്റുകള്‍ക്കകം മരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

വളരെ ഹൃദയഭേദകമായ തീരുമാനമായിരുന്നു അതെന്നു മകന്‍ ക്രിസ്റ്റഫര്‍ ബ്ലാക്ക് വെല്‍ പറഞ്ഞു. ക്രിസ്റ്റഫറിനെ കൂടാതെ മറ്റു രണ്ടു മക്കളും മാതാപിതാക്കളുടെ മരണത്തിനു സാക്ഷ്യം വഹിച്ചു. ഇങ്ങനെ ഒരു മരണം ഞങ്ങള്‍ ആദ്യമായാണ് കാണുന്നതെന്നും ഇവര്‍ പറഞ്ഞു.

ഗ്രാന്റ് പ്രറേറി വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകരായിരുന്നു ഇരുവരും. പോള്‍ ഫാനില്‍ മിഡില്‍ സ്‌കൂളില്‍ അധ്യാപകനും റോസ് മേരി ട്രാവിസ് വേള്‍ഡ് ലാഗ്വേജ് അക്കാദമിയില്‍ അധ്യാപികയുമായിരുന്നു.