വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഗള്‍ഫ് മേഖലയിലെ പ്രവാസികള്‍ക്കും വോട്ടവകാശം നല്കണം: പ്രവാസി ലീഗല്‍ സെല്‍ നിവേദനം സമര്‍പ്പിച്ചു
അടുത്ത വര്‍ഷം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗള്‍ഫ് മേഖലയിലുള്‍പ്പെടെയുള്ള എല്ലാ പ്രവാസി ഇന്ത്യക്കാര്‍ക്കുo വോട്ടവകാശം നല്‍കണമെന്ന് പ്രവാസി ലീഗല്‍ സെല്‍. ഈ ആവശ്യം ഉന്നയിച് കേന്ദ്ര നിയമ മന്ത്രിക്കും വിദേശ കാര്യ മന്ത്രിക്കും , തിരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയ നിവേദനത്തിലാണ് പ്രസ്തുത ആവശ്യം ഉന്നയിച്ചിരിക്കുന്നത്.കേരളവും തമിഴ് നാടും വെസ്റ്റ് ബംഗാളും ആസാമും പോണ്ടിച്ചേരിയും ഉള്‍പെടെയുള്ള സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് പോസ്റ്റല്‍ ബാലറ്റ് വഴി പ്രവാസികള്‍ക്ക് വോട്ടവകാശം നല്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ തയ്യാറാണ് എന്നറിയിച്ചിരുന്നു. ഈ തീരുമാനം നടപ്പിലാക്കുവാനായി നിയമ മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും അഭിപ്രായം ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ തേടുകയും ചെയ്യുകയുണ്ടായി. എന്നാല്‍ പോസ്റ്റല്‍ ബാലറ്റ് വഴി പ്രവാസികള്‍ക്ക് വോട്ടവകാശം നല്കാന്‍ ഉള്ള ആദ്യ ശ്രമം എന്ന നിലയില്‍ അമേരിക്കയിലും ചില യൂറോപ്പ്യന്‍ രാജ്യങ്ങളിലും ഉള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് ആദ്യ പടി എന്ന നിലയില്‍ വോട്ടവകാശം നല്‍കാമെന്നാണ് വിദേശകാര്യ മന്ത്രാലയം നിലപാടെടുത്തിരിക്കുന്നത്.
പ്രവാസികള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ടവകാശം നല്കാന്‍ ഉള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ ഗള്‍ഫ് മേഖലയില്‍ ഉള്ള പ്രവാസികളെയും ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തണമെന്നും പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രഹാം, ഗള്‍ഫ് മേഖലയെ പ്രതിനിധീകരിച് പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സിസ് എന്നിവര്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപെടുന്നു. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കണം എന്നാവശ്യപ്പെട്ടു പ്രവാസി ലീഗല്‍ സെല്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.