സി എം രവീന്ദ്രന്‍ ഇന്നും ഹാജരായി ; ശിവശങ്കറിന്റെ ഇടപാടുകള്‍ അറിയില്ല

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ഇന്ന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരായി.സ്വര്‍ണക്കടത്തുമായോ കള്ളപ്പണ ഇടപാടുമായോ തനിക്ക് ബന്ധമില്ലെന്ന് രവീന്ദ്രന്‍ മൊഴി നല്‍കി. യുഎഇ കോണ്‍സുലേറ്റിലെ ഉന്നതോദ്യോഗസ്ഥ എന്ന നിലയിലാണ് സ്വപ്ന സുരേഷിനോട് സംസാരിച്ചതെന്നും മൊഴിയില്‍ പറയുന്നു. രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായതിനാല്‍ ചില ശുപാര്‍ശകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അറിഞ്ഞുകൊണ്ട് വഴിവിട്ട ഒരു ഇടപാടും നടത്തിയിട്ടില്ലെന്നും ഇ ഡിക്ക് സി എം രവീന്ദ്രന്‍ മൊഴി നല്‍കി.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കറിന്റെ ഔദ്യോഗികമല്ലാത്ത ഇടപാടുകള്‍ തനിക്ക് അറിയില്ലെന്നും സി എം രവീന്ദ്രന്‍ പറഞ്ഞു. ഇന്നലെ പതിമൂന്നേകാല്‍ മണിക്കൂറാണ് രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തത്. രവീന്ദ്രന്‍ നടത്തിയ വിദേശയാത്രകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഊരാളുങ്കല്‍ സൊസൈറ്റിയുമായി നടത്തിയ കരാര്‍ ഇടപാടുകളുടെ രേഖകളും ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ 10 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായപ്പോള്‍ രാത്രി 11.15 ആയിരുന്നു.