കിടക്കയില്‍ മൂത്രമൊഴിച്ചു , 3 വയസുകാരനെ അച്ഛന്‍ അടിച്ചു കൊന്നു
ഉത്തര്‍ പ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിലാണ് സംഭവം. കിടക്കയില്‍ മൂത്രമൊഴിച്ചതിന് 3 വയസുകാരനെ അച്ഛന്‍ അടിച്ചു കൊല്ലുകയായിരുന്നു. കുഞ്ഞിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുക മാത്രമല്ല, മൃതദേഹവുമായി നാടുവിടുകയും ചെയ്തു പ്രതി. കുട്ടിയെ അടിച്ചുകൊന്ന വിവരം അമ്മയും അമ്മാവനും പോലീസില്‍ അറിയിച്ചതോടെയാണ് പ്രതി മൃതദേഹവുമായി നാടുവിട്ടത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൃതദേഹവുമായി ഇയാള്‍ ഹാമിര്‍പൂരിലേക്ക് കടന്നിരുന്നു. അവിടെ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. തുടര്‍ന്ന് കാണ്‍പൂര്‍ പോലീസിന് കൈമാറി. പോലീസില്‍ നിന്ന് രക്ഷപ്പെടാനാണ് കുട്ടിയുടെ മൃതദേഹവുമായി കടന്നുകളഞ്ഞതെന്നും ഇയാള്‍ വെളിപ്പെടുത്തി.
പിതാവിനൊപ്പമായിരുന്നു കുട്ടി ഉറങ്ങിയത്. കിടക്കയില്‍ മൂത്രമൊഴിച്ചത് ഇയാളെ പ്രകോപിതനാക്കി. ഇക്കാരണത്താല്‍ കുട്ടിയെ നിഷ്‌കരുണം തല്ലുകയും ചെയ്തു. അമ്മയും മറ്റ് കുട്ടികളും കുട്ടിയെ തല്ലരുതെന്ന് കേണപേക്ഷിച്ചിട്ടും ഇയാള്‍ കേട്ടില്ല. മരിക്കുന്നതുവരെ ഇയ്യാള്‍ കുഞ്ഞിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതിന് പിന്നാലെ കുട്ടിയുടെ മൃതദേഹവുമായി ഇയാള്‍ മുങ്ങുകയായിരുന്നു. ദമ്പതികള്‍ക്ക് കൊല്ലപ്പെട്ട മകനെക്കൂടാതെ 2 പെണ്‍കുട്ടികള്‍ കൂടിയുണ്ട്. കുട്ടിയുടെ അച്ഛന്‍ ഇഷ്ടികച്ചൂളയിലെ തൊഴിലാളിയാണ്. കുട്ടിയെ കൊലപ്പെടുത്തിയ വിവരം മറ്റാരോടും പറയരുതെന്നും കരയരുതെന്നും ഇയാള്‍ ഭാര്യയെയും മറ്റ് മക്കളെയും ഭീഷണിപ്പെടുത്തിയതായും കാണ്‍പൂര്‍ റൂറല്‍ എസ്. പി. ബ്രിജേഷ് കുമാര്‍ പറഞ്ഞു.