മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ 10 കോടി തിരികെ നല്‍കണമെന്ന് ഹൈക്കോടതി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ പത്ത് കോടി രൂപ ഗുരുവായൂര്‍ ദേവസ്വത്തിന് തിരിച്ച് നല്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ദേവസ്വം ബോര്‍ഡ് പണം നല്കിയത് നിയമവിരുദ്ധമെന്നും ദേവസ്വം ആക്ട് പ്രകാരം മറ്റ് കാര്യങ്ങളാക്കായി ബോര്‍ഡിന്റെ പണം അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പനാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ട്രസ്റ്റി എന്ന നിലയില്‍ സ്വത്തുവകകള്‍ പരിപാലിക്കല്‍ ആണ് ദേവസ്വം ബോര്‍ഡിന്റെ ചുമതല. ദേവസ്വം നിയമത്തിന് പരിധിക്കുള്ളില്‍ നിന്നു മാത്രമേ ഭരണസമിതിക്ക് പ്രവര്‍ത്തിക്കാനാകൂ. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത് ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തന പരിധിയില്‍ വരില്ല. ഇക്കാര്യങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ദേവസ്വംബോര്‍ഡിന് നിര്‍ദ്ദേശം നല്‍കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയ തുക എങ്ങനെ തിരികെ ഈടാക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിശോധിക്കട്ടെയെന്നും കോടതി പറഞ്ഞു. ദേവസ്വം ഫണ്ട് ദുരിതാശ്വാസ നിധിക്ക് നല്‍കാനുള്ള തീരുമാനം നിയമ വിരുദ്ധവും സ്വേഛാപരവുമാണെന്നു ചൂണ്ടികാട്ടി ഹിന്ദു ഐക്യ വേദി അടക്കം നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.