കൊച്ചി ലുലുമാളില്‍ യുവ നടിക്ക് നേരെ ആക്രമണം ; പ്രതികളെ തിരിച്ചറിഞ്ഞു

കൊച്ചി ലുലു മാളില്‍ യുവനടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാക്കളെ തിരിച്ചറിഞ്ഞു. മാളിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ പരിശോധനയിലാണ് ഇവരെ തിരിച്ചറിഞ്ഞത്. ഇവര്‍ക്കെതിരെ സ്വമേധയാ പൊലീസ് കേസെടുക്കും. സംഭവത്തില്‍ വനിത കമ്മീഷന്‍ കേസെടുത്തു. കൊച്ചിയിലെ ഷോപ്പിങ് മാളില്‍ വച്ച് തനിക്ക് നേരെയുണ്ടായ അതിക്രമം സോഷ്യല്‍ മീഡിയയിലൂടെയാണ് നടി തുറന്നുപറഞ്ഞത്. രണ്ട് ചെറുപ്പക്കാര്‍ തന്റെ ശരീരത്തില്‍ സ്പര്‍ശിക്കുകയും പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും ചെയ്‌തെന്ന് നടി പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി വെളിപ്പെടുത്തല്‍ നടത്തിയത്.

‘ കുടുംബത്തിനൊപ്പം ഇന്നലെ ഷോപ്പിങ് മാളില്‍ എത്തിയപ്പോഴാണ് തനിക്ക് ഈ മോശം അനുഭവമുണ്ടായതെന്ന് അവര്‍ പറയുന്നു. ഹൈപ്പര്‍മാര്‍ക്കറ്റില്‍ നില്‍ക്കുകയായിരുന്നു തന്റെ സമീപത്തിലൂടെ പോയ രണ്ട് ചെറുപ്പക്കാരില്‍ ഒരാള്‍ ശരീരത്തിന്റെ പിന്‍ഭാഗത്തായി മനഃപൂര്‍വം സ്പര്‍ശിച്ചു കൊണ്ടാണ് കടന്നുപോയത്. ആദ്യം അയാള്‍ക്ക് അറിയാതെ പറ്റിയതാണോ എന്ന് സംശയിച്ചു. സഹോദരിയും ഇത് കണ്ടിരുന്നു. അവള്‍ എനിക്കരികില്‍ വന്ന് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു. അപ്രതീക്ഷിതമായുണ്ടായ സംഭവത്തില്‍ താന്‍ ഞെട്ടിപ്പോയെന്നും പ്രതികരിക്കാന്‍ പോലുമായില്ലെന്നും അവര്‍ പറയുന്നു. താന്‍ അവരുടെ അടുത്തേക്ക് പോയെങ്കിലും തന്നെ അവര്‍ ശ്രദ്ധിക്കാത്തതുപോലെ നിന്നു. തനിക്ക് അവരെ മനസ്സിലായെന്ന് അവര്‍ അറിയണമെന്ന് കരുതിയാണ് അങ്ങനെ ചെയ്തതെന്നും നടി പറയുന്നു.

തുടര്‍ന്ന് അമ്മയുടേയും സഹോദരന്റെയും അടുത്തേക്ക് പോയ നടിയെ അവര്‍ പിന്തുടര്‍ന്നെത്തി. ഇത്രയും ചെയ്തിട്ടും തന്നോട് സംസാരിക്കാന്‍ അവര്‍ ധൈര്യം കാണിച്ചു. തന്റെ നേരെ നടന്നുവന്നു അടുത്തേക്ക് നീങ്ങി നിന്നു തന്റെ പുതിയ ചിത്രത്തിന്റെ പേര് ചോദിച്ചു. താന്‍ അറിയേണ്ട കാര്യമില്ല എന്ന് മറുപടി നല്‍കി. അമ്മ വരുന്നതുകണ്ടതോടെ അവര്‍ പോയി. അവരോട് തനിക്ക് ഒരുപാട് കാര്യം പറയാനുണ്ടായിരുന്നെന്നും എന്നാല്‍ അതിന് സാധിച്ചില്ലെന്നും താരം കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള അനുഭവം തനിക്ക് നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഓരോ തവണയും തന്നെ അത് ബുദ്ധിമുട്ടിക്കുന്നുണ്ടെന്നുമാണ് താരം പറയുന്നത്. വീടിന് പുറത്തിറങ്ങിക്കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് സ്വയം സൂക്ഷിക്കേണ്ട അവസ്ഥയാണ്. തിരിയുമ്പോഴും കുനിയുമ്പോഴും വസ്ത്രം ശരിയാക്കണം. തിരക്കില്‍ കൈകള്‍ കൊണ്ട് മാറിടം സംരക്ഷിക്കണം. അങ്ങനെ പട്ടിക നീണ്ടുപോകും.’

തന്റെ അമ്മയേയും സഹോദരിയേയും സുഹൃത്തുക്കളേയും കുറിച്ച് തനിക്ക് പേടിയുണ്ടെന്നും. ഇതിനെല്ലാം കാരണം ഇതുപോലുള്ള വൃത്തികെട്ട മനുഷ്യരാണെന്നും താരം കുറിക്കുന്നു. സ്ത്രീകളുടെ സന്തോഷവും ധൈര്യവുമാണ് ഇത്തരത്തില്‍ ഇല്ലാതാക്കുന്നത്. ഇത്തരത്തില്‍ അനുഭവമുണ്ടായാല്‍ പ്രതികരിക്കണമെന്നും തന്നോട് മോശമായി പെരുമാറിയ ആളുടെ മുഖത്ത് അടിക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. അതേസമയം സംഭവത്തില്‍ കളമശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നടിയുടെ പരാതി ലഭിക്കാത്തതിനാല്‍ പൊലീസ് സ്വമേധയായാണ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം പുരോഗമിക്കനാണ് പൊലീസിന്റെ ശ്രമം.