വിജയത്തിന് ഒരുപാട് തന്തമാരുണ്ടാകും, തോല്‍വി അനാഥനും” പ്രതികരണവുമായി മുല്ലപ്പള്ളി

തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ഏറ്റുവാങ്ങിയ പരാജയത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പൊതുരാഷ്ട്ട്രീയം തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാഞ്ഞത് തീര്‍ത്തും നിരാശാജനകമാണെന്നും മുല്ലപ്പള്ളി പത്രസമ്മേളനത്തില്‍ പറഞ്ഞു.

വിജയത്തിന് പിതൃത്വം വഹിക്കാന്‍ ഒരുപാട് തന്തമാരുണ്ടാകുമെന്നും പരാജയം എപ്പോഴും അനാഥമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്‌സഭയില്‍ 20 ല്‍ 19 നേടിയപ്പോള്‍ എനിക്കാരും പൂച്ചെണ്ട് തന്നിട്ടില്ലെന്നും എന്നിട്ടും ഇപ്പോള്‍ പരാജയം ഉണ്ടായപ്പോള്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ താന്‍ ഏല്‍ക്കുന്നുവെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

വീഴ്ചകള്‍ സംഭവിച്ചുവെന്നും അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ കഴിയുമെന്ന ശുഭാപ്തിവിശ്വാസം പാര്‍ട്ടിക്ക് ഉണ്ടെന്നും കെ.പി.സി.സി അദ്ധ്യക്ഷന്‍ വ്യക്തമാക്കി.തന്റെ പ്രവര്‍ത്തനങ്ങള്‍ തുറന്ന പുസ്തകമാണെന്നും പക്ഷേ മാധ്യമങ്ങള്‍ തന്നെ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.’ മാനിനെ ചെന്നായക്കൂട്ടം ആക്രമിച്ചതുപോലെയാണ് മാധ്യമങ്ങള്‍ ക്രൂരമായി എന്നെ ആക്രമിച്ചത്.