റീ പോളിംഗ് ; തിരൂരങ്ങാടിയിലും ബത്തേരിയിലും യുഡിഎഫിന് വിജയം

INDIA/

റീ പോളിംഗ് നടന്ന തിരൂരങ്ങാടി, ബത്തേരി എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ അവസാനിച്ചു. രണ്ടിടത്തും യുഡിഎഫാണ് വിജയിച്ചത്. മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ മുപ്പത്തി നാലാം ഡിവിഷന്‍ കിസാന്‍ കേന്ദ്രയിലാണ് ഇന്ന് റീ പോളിം?ഗ് നടന്നത്. 99 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫിന്റെ ജഹ്ഫര്‍ കുന്നത്തേരിയാണ് വിജയിച്ചത്. യുഡിഎഫ് – 378, എല്‍ഡിഎഫ് സ്വതന്ത്രന്‍ – 279, ബിജെപി- 9 എന്നിങ്ങനെയാണ് ഫലം. ഇവിടെ 80.2 ശതമാനം വോട്ടുകളാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ നടന്ന വോട്ടെടുപ്പില്‍ 79.13 ശതമാനം ആയിരുന്നു രേഖപെടുത്തിയത്.

തിരൂരങ്ങാടി നഗരസഭ ഓഫിസില്‍ വച്ചാണ് വോട്ട് എണ്ണിയത്. യന്ത്ര തകരാര്‍ മൂലം വോട്ടെണ്ണല്‍ തടസപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടെ റീപോളിം?ഗ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരുമാനിച്ചത്. വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭ തൊടുവട്ടി ഡിവിഷനിലെ റീ പോളിംഗിലും യുഡിഎഫ് തന്നെയാണ് വിജയം നേടിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി അസീസ് മാടാല 136 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അസീസ് മാടാല (ആഎന്‍സി) -391, അസൈനാര്‍ സ്വതന്ത്രന്‍ -255, ബീരാന്‍ പിഎം -സിപിഐ -167, സുധീര്‍ എഎം -ബിജെപി -16 എന്നിങ്ങനെയാണ് ഫലം. യന്ത്രതകരാര്‍ മൂലം ഫലം വീണ്ടെടുക്കാനാകാത്തതിനെതുടര്‍ന്ന് ഇന്ന് ഇവിടെ റീപോളിംഗ് നടത്തിയത്. 76.67 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 10ന് ഉണ്ടായ പോളിംഗിനേക്കാള്‍ 10 വോട്ട് കുറവാണ് ഇത്തവണ പോള്‍ ചെയ്തത്.