സന്തോഷത്തിന്റെ ജീവശാസ്ത്രം: അറിയേണ്ടത് എന്തൊക്കെയാണ്?

ആന്റണി പുത്തന്‍പുരയ്ക്കല്‍

ഓരോ വ്യക്തിയുടെയും ജീവചരിത്രം അവന്റെ ജീവശാസ്ത്രം കൂടിയാണ്. ഒരു നിശ്ചിത സ്ഥലകാലത്തു ഉണ്ടാകുന്ന സംഭവങ്ങളുടെയും അനുഭവങ്ങളുടെയും വിവരണമാണ് ഒരു വ്യക്തിയുടെ ജീവചരിത്രം. നാമെല്ലാം ജീവിച്ചിരിക്കുന്ന ജീവചരിത്രപുസ്തകങ്ങളാണ്. നമ്മുടെ സമസ്ത കോശങ്ങളിലും നാം ഓരോരുത്തരുടെയും വൈയക്തികവും സംഘാതവുമായ ജീവചരിത്രം അടങ്ങിയിരിക്കുന്നു. ഓരോ അദ്ധ്യായവും നമ്മുടെ ജീവിതത്തിലെ സംഭവങ്ങളുടെയും വികാരവിചാരങ്ങളുടെയും വാക്യങ്ങളാണ്. നമ്മുടെ ജീവിതം ചുരുളഴിയുമ്പോള്‍, ജീവശാസ്ത്രപരമായി നമ്മള്‍ നടത്തിയ ഓരോ ചിന്തയും നമ്മുടെ ഓരോ ജൈവബിന്ദുവിലും മായാതെ, മറയാതെ എപ്പോഴും സജീവമാണ്. എല്ലാ വികാരങ്ങളും ചിന്തകളും മനസ്സില്‍ മാത്രമല്ല, നമ്മുടെ സമസ്ത കോശങ്ങളിലും പ്രതികരണം സൃഷ്ടിക്കുന്നുണ്ട്.

മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യം എന്താണ്? ഭൂരിപക്ഷം പേരും കരുതുന്നത് ജീവിതത്തിന്റെ ലക്ഷ്യം എപ്പോഴും സന്തോഷമുളളവരായിരിക്കുക എന്നാണ്. ഇതൊരു തെറ്റിദ്ധാരണയാണ്. എന്താണ് ഈ തെറ്റിദ്ധാരണ? ജനനം മുതല്‍ മരണം വരെ ഇടമുറിയാതെ നിലനില്‍ക്കുന്ന ഒരു മാനസികാവസ്ഥയാണ് സന്തോഷമെന്ന നമ്മുടെ ചിന്ത. ഇങ്ങനെ ഒരവസ്ഥ അസാദ്ധ്യവും മിഥ്യയുമാണ്. താല്‍ക്കാലികമായി ഉണ്ടാകുന്ന ആന്തരികമോ ബാഹ്യമോ ആയ അസ്വസ്ഥത, ഭയം, ജാഗ്രത, അസന്തുഷ്ടി എന്നിവയെല്ലാം ജീവന്റെ ലക്ഷണമാണ്. ഇത് അതിജീവനത്തിന് അത്യന്താപേക്ഷിതവുമാണ്. ഉദാഹരണത്തിന്, മനുഷ്യര്‍ ഒഴികെയുള്ള എല്ലാ ജീവികളും അവരുടെ അതിജീവനത്തിന്റെ അവശ്യ ഘടകങ്ങളായ ഭക്ഷണം, ഇണചേരല്‍, അപകടം തരണംചെയ്യല്‍ തുടങ്ങിയ സുപ്രധാന കാര്യങ്ങള്‍ പൂര്‍ത്തികരിച്ചു കഴിയുമ്പോള്‍ നിശ്ചിത സമയത്തേക്കു സംതൃപ്തരായിരിക്കും. എന്നാല്‍ മനുഷ്യര്‍ മാത്രം അങ്ങനെയല്ല.

അനുനിമിഷം, നാം നമ്മുടെതായ ഓരോ ചെറിയ പ്രപഞ്ചത്തെ സൃഷ്ടിക്കുന്ന തിരക്കിലാണ്. ഇതിനു പല കാരണങ്ങളുണ്ട്. നമ്മുടെ മസ്തിഷ്‌കവും നമുക്ക് ചുറ്റുമുള്ള പരിസ്ഥിതിയും നാം യാഥാര്‍ത്ഥ്യമെന്ന് സങ്കല്പപിക്കുന്ന നമ്മുടെ ബോധാവബോധമനസ്സും ഉത്പാദിപ്പിക്കുന്ന കുറെ ചിന്തകളുടെതായ ഒരു കൊച്ചു വൈയക്തികലോകമാണ് നമ്മുടെ ലോകം. ഇതിനെ ‘ഞാന്‍’ എന്നു വിളിക്കാം. ഇതിന്റെ അതിരുകള്‍ സംരക്ഷിക്കാന്‍വേണ്ടി ആജീവനാന്തം നാം ഓരോരുത്തരും നിതാന്ത ജാഗ്രതയോടെ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി കഴിയുന്നു. ജീവിക്കുക എന്ന പരമോന്നത ലക്ഷ്യം നാം പാടേ വിസ്മരിക്കുന്നു. ലളിതമായ ജീവിതത്തെ ഒരു സമരാങ്കണമായി നാം പ്രഖ്യാപിക്കുന്നു.

നമ്മുടെ ജീവശാസ്ത്രപരവും പാരിസ്ഥിതികവുമായ ഘടകങ്ങളെ അവഗണിച്ചുകൊണ്ട് സന്തോഷത്തിന്റെ ശാശ്വതാവസ്ഥ കൈവരിക്കാന്‍ നമുക്കു സാധിക്കില്ല. ഓരോ വ്യക്തിയുടെയും മാനസികസന്തോഷം പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. മനസ്സും ശരീരവും മസ്തിഷ്‌കവും അതിഗാഢമായ രീതിയില്‍ പരസ്പരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. പഞ്ചേന്ദ്രിയങ്ങളിലൂടെ നമുക്ക് ലഭിക്കുന്ന ഇന്ദ്രിയജ്ഞാനം ആദ്യമായി സ്വീകരിക്കുന്നത് അവബോധത്തിന്റെ വേദികയായ നമ്മുടെ മനസ്സിലാണ്. ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന സമസ്ത അനുഭൂതിശകലങ്ങളെയും അതേ മാത്രയില്‍ തന്നെ മനസ്സ് യാതൊരുവിധ സംയുക്തീകരിക്കലോ, നിസ്വാന്ദ്രീകരണമോ (filter) കൂടാതെ വ്യക്തിയുടെ അഹംബോധത്തിലേക്ക് കൈമാറും. പ്രതിപ്രവര്‍ത്തനത്തിന് സദാ സന്നദ്ധമായി നില്‍ക്കുന്ന നമ്മുടെ അഹംബോധം എല്ലാ അനുഭൂതികളെയും തത്സമയം വ്യാഖ്യാനത്തിനും പ്രതികര്‍മ്മത്തിനും വിധേയമാക്കും. അടുത്ത ഘട്ടം ഒരു വ്യക്തിയുടെ മനസ്സ്, മസ്തിഷ്‌കം, അഹം, അബോധം എന്നീ മണ്ഡലങ്ങളുടെ ഏകകാലിക പ്രവര്‍ത്തനഫലമായി ഓരോ അനുഭൂതികളെയും അടിസ്ഥാനമാക്കി ഒരു വര്‍ഗ്ഗീകരണം – സുഖം ദുഃഖം, നന്മ, തിന്മ, ആയാസം അനായാസം…. എന്നിങ്ങനെ അനേകം തരത്തില്‍ വിഭജിക്കും. ഈ ഘട്ടത്തിലാണ് വികാരങ്ങള്‍ ഉടലെടുക്കുന്നത്. വികാരങ്ങളെ പ്രധാനമായും രണ്ടായി – ഭാവാത്മകം, വിനാശകരം – എന്നിങ്ങനെ വേര്‍തിരിക്കാം.

ആധുനിക സിരാവിജ്ഞാനീയശാഖയുടെ പഠനങ്ങള്‍ അനുസരിച്ച് ഓരോ വികാരങ്ങളും (സദ്-ദുര്‍വികാരങ്ങള്‍), അവ എത്ര ക്ഷണികമാണെങ്കില്‍ പോലും നമ്മുടെ മസ്തിഷ്‌കത്തില്‍ രേഖപ്പെടുത്തപ്പെടുന്നുണ്ട്. വിനാശകരമായ വികാരങ്ങള്‍ ജൈവമാറ്റത്തിനു വിധേയമായി കോശസമൂഹങ്ങളില്‍ വിഘടനം സൃഷ്ടിക്കുന്നു. ഈ കോശസമൂഹങ്ങള്‍ ഒന്നുചേര്‍ന്നു മസ്തിഷ്‌കത്തില്‍ വിവിധ സംഹിതഗുച്ഛങ്ങളെ (compact clusters) നിര്‍മ്മിക്കും. ഇങ്ങനെ പുതുതായി രൂപംകൊള്ളുന്ന കോശസമൂഹങ്ങള്‍ നമ്മുടെ തലച്ചോറിലെ പ്രത്യഭിജ്ഞാനം, യുക്തിവിചാരം, ഗ്രഹണശക്തി, നിര്‍ണ്ണയം എന്നിങ്ങനെയുള്ള കഴിവുകളെ ഭാഗികമായോ പൂര്‍ണ്ണമായോ തകരാറിലാക്കും. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പഠനങ്ങള്‍ അനുസരിച്ച്, മനുഷ്യരില്‍ ഉണ്ടാകുന്ന അനവധിയായ ശാരീരിക, മാനസികരോഗങ്ങളുടെ ഉത്ഭവസ്ഥാനം മസ്തിഷ്‌കത്തിലെ ക്രമഭംഗങ്ങളാണ്. ആധുനിക മനഃശാസ്ത്രം, സിരാവിജ്ഞാനീയം, വൈദ്യശാസ്ത്രം എന്നിങ്ങനെ അനേക ശാസ്ത്രശാഖകള്‍ മനസ്സും ശരീരവും തമ്മില്‍ എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും, മാനസികാരോഗ്യം, ശാരീരികസൗഖ്യത്തിന് അത്യന്താപേക്ഷിതമാണെന്നും അസന്ദിഗ്ദ്ധമായി തെളിയിക്കുന്നുണ്ട്.

ജീവശാസ്ത്രത്തിന്റെ കണക്കനുസരിച്ചു ഒരു മനുഷ്യശരീരത്തില്‍ ഏകദേശം നാല്പതില്‍ താഴെ, പതിനായിരംമഹാകോടി (trillion) കോശങ്ങള്‍ ഉണ്ട്. ഓരോ കോശവും തമ്മില്‍ തമ്മില്‍ സ്വതന്ത്രമാണെങ്കിലും മറ്റു കോശങ്ങളുമായി അനുസ്യൂതം ആശയവിനിമയം പുലര്‍ത്തുന്നുണ്ട്. കോശങ്ങളുടെ ഈ ആശയവിനിമയഭാഷയെ നമുക്കു ലളിതമായി ‘ജീവന്റെ ഭാഷ’ എന്നു വിളിക്കാം. നമ്മുടെ ശരീരകോശങ്ങള്‍ നിരന്തരം ശാരീരികമോ, മാനസികമോ ആയ ഭീഷണി നേരിടുന്ന സാഹചര്യം ഉണ്ടായാല്‍ കോശകേന്ദ്രത്തിലെ ദണ്ഡാകാരവസ്തുവും (chromosome) കോശങ്ങളും നശിക്കുകയും, കോശങ്ങള്‍ തമ്മിലുളള ആശയവിനിമയം അസാധ്യമാകുകയോ, പൂര്‍ണ്ണമായി നിലയ്ക്കുകയോ ചെയ്യും. നിത്യേന നമ്മുടെ മനസ്സിനെ മഥിക്കുന്ന അകാരണമായ ഭയം, ആകുലത, അസൂയ, കോപം എന്നിങ്ങനെയുള്ള വിനാശകരമായ വികാരങ്ങള്‍ നമ്മുടെ ശരീരത്തെ ദീര്‍ഘകാലം ജാഗ്രതാവസ്ഥയിലും സംഭ്രാന്തിയിലുമാക്കും. ഇങ്ങനെ ഒരവസ്ഥയില്‍ ഒരു ജീവിക്കും അവയുടെ ജൈവകോശങ്ങളെ അതിന്റെ സ്വാഭാവിക താളാത്മകതയില്‍ നിലനിര്‍ത്താനോ, ദീര്‍ഘകാലം ജീവിക്കാനോ കഴിയുകയില്ല. പ്രകൃതി ഇതുപോലെയുള്ള ഒരു കഴിവ് ഒരു ജീവിക്കും നല്കിയിട്ടില്ല. ഉദാഹരണത്തിന്, ജീവനു ഭീഷണിയുളള അപല്ക്കരമായ സാഹചര്യം നേരിടുന്ന മൃഗങ്ങള്‍ ആപത്തില്‍ നിന്നും രക്ഷപെട്ട ശേഷം പത്തു മുതല്‍ പതിനഞ്ചു മിനിറ്റുകള്‍ക്കുള്ളില്‍ അവയുടെ ശരീരത്തിന്റെ ആന്തരസമസ്ഥിതി (homeostasis) വീണ്ടെടുത്ത് സാധാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ തുടങ്ങും. എന്നാല്‍, മനുഷ്യര്‍ക്ക് ഇത് അസാധ്യമാണ്. കാരണം, മനുഷ്യശരീരത്തിലെ കോശങ്ങളുടെ ആന്തരിക സുസ്ഥിതി, സന്തുലനം മുതല്‍ ആന്തരസമസ്ഥിതി വരെ നിയന്ത്രിക്കുന്നത് മനസ്സിന്റെ സമചിത്തതയാണ്. നമ്മുടെ മനസ്സ് സംഘര്‍ഷഭരിതവുമാണെങ്കില്‍ കോശങ്ങളുടെ പരസ്പരമുള്ള ആശയവിനിമയശേഷിയും ആന്തരികോര്‍ജ്ജവും നഷ്ടപ്പെട്ടു കോശസമൂഹങ്ങള്‍ പ്രതിപ്രവര്‍ത്തനത്തിനു വിധേയമാകും. ശരീരത്തിലെ കോശങ്ങളുടെ സമഗ്രതാശേഷി നഷ്ടപ്പടുമ്പോള്‍, നമുക്കു ശരീരപരിപാലനത്തിനു ആവശ്യമായ ശാരീരിക ധൈഷണികശക്തി വളരെ കുറഞ്ഞു ശരീരം പലവിധ രോഗങ്ങള്‍ക്കും വിധേയമാകും.

സന്തോഷത്തിന്റെ ജീവശാസ്ത്രം എന്താണ്? ആരോഗ്യമുളള ശരീരത്തില്‍ സന്തോഷകരമായ മനസ്സ്. ഇതല്ലേ പ്രമാണം? നമ്മുടെ ചിന്തകള്‍, വികാരങ്ങള്‍, മറ്റ് വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് തലച്ചോര്‍ കാരണമാകുന്നതുപോലെ, മനസ്സിന്റെ എല്ലാ വൈകാരിക പിരിമുറുക്കങ്ങളും തലച്ചോറില്‍ പ്രവര്‍ത്തിക്കുകയും ശാരീരിക മാറ്റങ്ങള്‍ക്കു കാരണമാകുകയും ചെയ്യും. സംശുദ്ധമായ ചിന്തകള്‍ മസ്തിഷ്‌കത്തിന്റെ രസതന്ത്രത്തെയും വൈദ്യുത പ്രവര്‍ത്തനത്തെയും കാര്യക്ഷമമാക്കുകയും നമ്മുടെ കോശങ്ങളുടെ സന്തുലിതാവസ്ഥ നിയന്ത്രിക്കുകയും ചെയ്യും. നേരെ മറിച്ചായാല്‍, നമ്മുടെ മനസ്സും ശരീരവും രോഗാതുരമാകും.

ജൈവിപരിപോഷണത്തിനും സന്തോഷകരമായ ജീവിതത്തിനും നാം നമ്മുടെ മനസ്സിനെ നിരന്തരം ശാന്തമാക്കുകയും കൂടുതല്‍ അനുകമ്പാപൂര്‍വ്വമായ മനോഭാവം മനസ്സില്‍ വികസിപ്പിക്കുകയും ചെയ്യണം. ആന്തരികമൗനം മറ്റൊരു സുപ്രധാന ഘടകമാണ്. ഇങ്ങനെ ചെയ്താല്‍ വ്യക്തിപരമായ ആനന്ദം നമ്മില്‍ വര്‍ദ്ധിക്കും. മാത്രമല്ല, കാലക്രമേണ സന്തോഷം സ്ഥിരമായി നിലനിര്‍ത്താനും തലച്ചോറിന്റെയും ശരീരത്തിന്റെയും ഘടനയും പ്രവര്‍ത്തനവും സുഗമമാക്കാനും നമുക്കു കഴിയും. നമ്മുടെ മനസ്സ് ശാന്തമാണെങ്കില്‍, നമ്മുടെ ചുറ്റുമുള്ള ആളുകള്‍ക്ക് സമാനമായ ശാന്തത അനുഭവപ്പെടും.

ഇതിനുള്ള ഉത്തമമായ മാര്‍ഗ്ഗം നമ്മുടെ ദൈനംദിനജീവിതത്തില്‍ വരണരഹിതമായ അവബോധം വളരാന്‍ അവധാനപൂര്‍വ്വമായ ജീവിതശൈലി അഭ്യസിക്കണം. എന്താണ് അവധാനപൂര്‍വ്വമായ ജീവിതശൈലി? ഇതൊരു സ്വയം നിരീക്ഷണമാണ്. ഇത് മനുഷ്യബുദ്ധിയുടെ ഏറ്റവും ഉയര്‍ന്ന വേദികയാണ്. ഈ ഭൂമിയില്‍ മനുഷ്യനു മാത്രമേ സ്വപ്രേരിത അവബോധം സൃഷ്ടിക്കാന്‍ കഴിയൂ. മനസ്സിന്റെ എല്ലാ വ്യവഹാരങ്ങളെയും നിമിഷം തോറും സസൂക്ഷ്മം നിരീക്ഷിക്കലാണിത്. എന്തെല്ലാമാണ് നാം നിരീക്ഷണവിധേയമാക്കുക? പ്രധാനമായും നാല് കാര്യങ്ങളാണ് നമ്മള്‍ നിരീക്ഷിക്കുന്നത്. ഒന്നാമതായി, നമ്മുടെ ഇന്ദ്രിയനുഭൂതികള്‍. രണ്ടാമത്തേത്, നമ്മുടെ മനോവ്യാപാരങ്ങള്‍. മൂന്നാമതായി പരിസ്ഥിതി. നാലാമത്തേത് നമ്മുടെ ശ്വാസോച്ഛ്വാസം. ഇവിടെ, ഈ നിമിഷമാണ് (here and now) നമുക്കു ലഭ്യമായ സമയം. ഇപ്പോള്‍, ഇവിടെ, ഈ നിമിഷത്തില്‍ മാത്രമായിരിക്കുക, അഥവ ജീവിക്കുക എന്നാണു സാരം. അതുമല്ലെങ്കില്‍, ഭൂത, ഭാവി കാലത്തെക്കുറിച്ചുളള ചിന്തകളില്‍ നിന്നും മുക്തി നേടുക. ഈ രണ്ടു കാലങ്ങളാണല്ലോ നമ്മുടെ സഹനത്തിന്റെയും ദുഃഖത്തിന്റെയും ശ്രോതസ്സ്. വര്‍ത്തമാനകാലം അല്ലെങ്കില്‍ ഈ നിമിഷം എപ്പോഴും സഹന, ദുഃഖരഹിതം മാത്രമായിരിക്കും. അസ്വസ്ഥത, ഉത്കണ്ഠ, വൈകാരിക സമ്മര്‍ദ്ദം, കുറ്റബോധം, വിദ്വേഷം, ദുഃഖം, നിരാശ, അസൂയ, ഇവയെല്ലാം ഭൂത, ഭാവികാലചിന്തകളുടെ ഉല്പന്നങ്ങളാണ്. അവബോധത്തിലായിരിക്കുന്ന മനസ്സിന് ആരംഭമോ, അവസാനമോ ഇല്ല, ഒന്നും കൂടുതലായി ചേര്‍ക്കപ്പടുന്നില്ല, ഒന്നും നഷ്ടപ്പെടുന്നുമില്ല. ഒന്നിനേയും അന്വേഷിക്കുകയോ, കണ്ടെത്തുകയോ ചെയ്യുന്നില്ല. യാതൊന്നിനേയും സ്വീകരിക്കുകയോ, നിരസിക്കുകയോ, പുകഴ്ത്തുകയോ, ഇകഴ്ത്തുകയോ ചെയ്യുന്നില്ല. ലളിതവും നിശബ്ദവുമായ നിരീക്ഷണം മാത്രമാണ് ഇവിടെ സംഭവിക്കുന്നത്. സുഖദുഃഖങ്ങളുടെ നിഴലാട്ടം പോലും ഇവിടെയില്ല. ആന്തരിക നിശബ്ദതയും ശാന്തമായ ജീവിതവും നേടാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഇതാണ്. സന്തോഷത്തിന്റെ കലയും അതേ സമയം സഹനത്തിന്റെ കലയും അറിയാനും അഭ്യസിക്കാനുമുളള പരമോന്നതവുമായ കലയാണു സ്വയം നിരീക്ഷിക്കല്‍, അല്ലെങ്കില്‍ ധ്യാനം.

ഇത്തരത്തിലുള്ള നിരീക്ഷണം, ധ്യാനം നമ്മുടെ സര്‍ഗ്ഗശക്തി നശിപ്പിക്കുമെന്നും നിഷ്‌ക്രിയത്വം വളര്‍ത്തുമെന്നു ഭയപ്പെടുന്നവരാണ് ഭൂരിപക്ഷം മനുഷ്യരും. ഇത് ഒരു വലിയ തെറ്റിദ്ധാരണ മാത്രമാണ്. ധ്യാനം തീര്‍ച്ചയായും നമ്മുടെ അന്തര്‍ജ്ഞാനം, ധൈഷണികത, സമചിത്തത എന്നിവയെല്ലാം വര്‍ദ്ധിപ്പിക്കുകയും നമ്മെ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കുകയും ചെയ്യും. ഇതുകൂടാതെ, നമ്മുടെ ദുഃഖം, നിരാശ, കോപം, എന്നിങ്ങനെയുള്ള അനവധി മാനസികപ്രശ്‌നങ്ങളെ ലഘുകരിക്കാനോ, ഇല്ലാതാക്കാനോ സഹായിക്കും.

നാം അറിയാതെ, അനുദിനം നമ്മുടെ ചിന്തകളിലൂടെ, സാങ്കല്പിക വൈകാരിക പ്രതികരണങ്ങളിലൂടെ അനാവശ്യമായ ജൈവവിഷം നമ്മുടെ കോശങ്ങളില്‍ എത്തുന്നുണ്ട്. ഇവ ക്രമേണ നമ്മുടെ ജൈവവ്യവസ്ഥയെ നശിപ്പിക്കുന്ന നിഷേധാത്മക ഊര്‍ജ്ജമായി മാറും. അങ്ങനെ നമ്മുടെ സന്തോഷം നാം അറിയാതെ നമ്മില്‍ നിന്നും അപ്രത്യക്ഷമാകും. നമ്മുടെ മനസ്സില്‍ ഉടലെടുക്കുന്ന ചിന്തകളെ നാം വിഭജിക്കാതിരിക്കുക – സുഖദുഃഖ… ചിന്തകളെ. ഒരോ ചിന്തകളെയും അവ ഉടലെടുക്കുന്ന നിമിഷത്തില്‍ തിരിച്ചറിയുക, അംഗീകരിക്കുക. ഓരോ നിമിഷത്തിലും അവധാനപൂര്‍വ്വം ജീവിക്കാന്‍ പരിശീലിക്കുക. ഇങ്ങനെ ചെയ്താല്‍, നമുക്കു നമ്മുടെ സന്തോഷത്തിന്റെ ജീവശാസ്ത്രം തിരുത്തിയെഴുതാന്‍ കഴിയും.