കൊച്ചിയില്‍ യുവനടിയെ അപമാനിച്ച പ്രതികളുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു

കൊച്ചി ലുലു ഷോപ്പിംഗ് മാളില്‍ വച്ച് യുവനടിയെ അപമാനിച്ച പ്രതികളുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. മെട്രോ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. രണ്ടു പേര്‍ക്കും പ്രായം 25ല്‍ താഴെയാണെന്നാണ് പോലീസ് നിഗമനം. മെട്രോ റെയില്‍ വഴിയാണ് രണ്ട് പ്രതികളും മാളിലെത്തിയത്. സംഭവത്തിന് ശേഷം ഇരുവരും മെട്രോയില്‍ തന്നെ സൗത്ത് സ്റ്റേഷനിലേക്ക് പോയി. പ്രതികള്‍ എറണാകുളം ജില്ലക്ക് പുറത്തുനിന്നുള്ളവരാണെന്നാണ് സൂചന. ഇവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കി.

പൊലീസിന് നേരിട്ട് പ്രതികളെ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താനാണ് ചിത്രങ്ങള്‍ പുറത്തുവിട്ടതെന്ന് പൊലീസ് അറിയിച്ചു. എന്തെങ്കിലും വിവിരം കിട്ടുന്നവര്‍ കളമശേരി പൊലീസിനെ വിവരം അറിയിക്കണം.കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മാളിന്റെ പ്രവേശനകവാടത്തില്‍ പേരും ഫോണ്‍ നമ്പരും നല്‍കിയശേഷം വേണം അകത്തുപ്രവേശിയ്ക്കാന്‍. എന്നാല്‍ യുവാക്കള്‍ പേരുകള്‍ രേഖപ്പെടുത്തിയിട്ടില്ല എന്നും കണ്ടെത്തി. പ്രവേശന കവാടത്തിനടുത്തുണ്ടായ തിരക്ക് മറയാക്കി ഇരുവരും അകത്തുകടയ്ക്കുകയായിരുന്നു.

കൊച്ചിയിലെ പ്രമുഖ ഷോപ്പിംഗ് മാളില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. നടി സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. നടിയും സഹോദരിയും മാതാവും ഒരു ബന്ധുവുമാണ് ഇടപ്പള്ളയിലെ മാളിലെത്തിയത്. നടിയും സഹോദരിയും ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നില്‍ക്കുമ്പോഴാണ് രണ്ട് യുവാക്കളെത്തിയത്. മാതാവും ബന്ധുവും മറ്റൊരു ഷോപ്പിലായിരുന്നു.

മാളില്‍ ഒട്ടും തിരക്കില്ലാതിരുന്നിട്ടും രണ്ടു പേര്‍ വന്ന് മനപ്പൂര്‍വം ശരീരത്ത് ഇടിക്കുകയും സ്പര്‍ശിക്കുകയും ചെയ്തെന്ന് നടി പറയുന്നു. സഹോദരി ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് നോക്കിയത്. അന്നേരത്തെ ഷോക്കില്‍ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. കൗണ്ടറില്‍ ചെന്നപ്പോള്‍ യുവാക്കള്‍ അടുത്ത് വന്ന് സംസാരിക്കാന്‍ ശ്രമിച്ചു. അന്നേരം താന് ഉച്ചത്തില്‍ സംസാരിച്ചതോടെ അവര്‍ സ്ഥലം വിടുകയായിരുന്നെന്നും നടി പറയുന്നു.