കൊച്ചിയില്‍ നടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍
കൊച്ചി ലുലു മാളില്‍ യുവ നടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പൊലീസ് പിടിയില്‍. പൊലീസിന് മുന്നില്‍ കീഴടങ്ങാന്‍ കളമശേരിയിലേക്ക് വരും വഴിയാണ് ഇരുവരും പിടിയിലാകുന്നത്. മലപ്പുറം മങ്കട സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരാണ് പിടിയിലായത്. ഇരുവരും പെരിന്തല്‍മണ്ണിയിലുണ്ടെന്ന വിവരം ലഭിച്ചതായി കളമശ്ശേരി സി.ഐ നേരത്തെ അറിയിച്ചിരുന്നു. അതേസമയം മനപ്പൂര്‍വ്വം നടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മാപ്പ് പറയാന്‍ തയ്യാറാണെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.
കൊച്ചിയിലെ ഷോപ്പിങ് മാളില്‍ വച്ച് തനിക്ക് നേരെയുണ്ടായ അതിക്രമം സോഷ്യല്‍ മീഡിയയിലൂടെയാണ് നടി തുറന്നുപറഞ്ഞത്. രണ്ട് ചെറുപ്പക്കാര്‍ തന്റെ ശരീരത്തില്‍ സ്പര്‍ശിക്കുകയും പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും ചെയ്‌തെന്ന് നടി പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു യുവനടിയുടെ തുറന്നു പറച്ചില്‍. കുടുംബത്തിനൊപ്പം കഴിഞ്ഞ ദിവസം ഷോപ്പിങ് മാളില്‍ എത്തിയപ്പോഴാണ് തനിക്ക് ഈ മോശം അനുഭവമുണ്ടായതെന്ന് അവര്‍ പറയുന്നു. ഹൈപ്പര്‍മാര്‍ക്കറ്റില്‍ നില്‍ക്കുകയായിരുന്നു തന്റെ സമീപത്തിലൂടെ പോയ രണ്ട് ചെറുപ്പക്കാരില്‍ ഒരാള്‍ ശരീരത്തിന്റെ പിന്‍ഭാഗത്തായി മനഃപൂര്‍വം സ്പര്‍ശിച്ചു കൊണ്ടാണ് കടന്നുപോയത് എന്നാണ് നടി വെളിപ്പെടുത്തിയത്.