കുടിയന്‍മാര്‍ക്ക് സന്തോഷ വാര്‍ത്ത ; ബാറുകള്‍ ഞായറാഴ്ച തുറക്കും ; ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ രാത്രി 9 മണി വരെ

സംസ്ഥാനത്ത് ബാറുകളും കള്ള് ഷാപ്പുകളും ബിയര്‍-വൈന്‍ പാര്‍ലറുകളും തുറക്കുവാന്‍ തീരുമാനമായി.ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം രാത്രി 9 മണി വരെ നീട്ടിയിട്ടുണ്ട്. ഇതുസംബന്ധിച്ച് എക്‌സൈസ് വകുപ്പ് മന്ത്രിയുടെ ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് എത്തിയിരുന്നു. ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചതോടെ ബാറുകള്‍ ഉടന്‍ തുറക്കുമെന്നാണ് വിവരം. ഞായറാഴ്ചയോ തിങ്കളാഴ്ചയോ ബാറുകള്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബാറുകളും കള്ളുഷാപ്പുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കനത്ത നിയന്ത്രണങ്ങളോടെയാകും അവ പ്രവര്‍ത്തിക്കുക. സാമൂഹിക അകലം, മാസ്‌ക്ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാക്കും. ബിയര്‍-വൈന്‍ പാര്‍ലറുകളും ക്ലബുകളിലെ മദ്യവില്‍പനയും, എയര്‍പോര്‍ട്ട് ലോഞ്ചുകളിലെ മദ്യവില്‍പനയും അനുവദിക്കും.

ബാറുകള്‍ തുറക്കുന്നതോടെ മദ്യം പാഴ്‌സലായി വില്‍ക്കുന്നത് നിര്‍ത്തും. വില്‍പന ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി മാത്രമാക്കും. കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പനശാലകളിലും പാഴ്‌സല്‍ വില്‍പ്പന തുടരും. അതേസമയം ബെവ്ക്യൂ ആപ്പിന്റെ പ്രവര്‍ത്തനം തുടരുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.രാജ്യത്തു കോവിഡ് വ്യാപനത്തോടെ ലോക്ക്‌ഡൌണ്‍ പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്തെ ബാറുകളും കള്ളുഷാപ്പുകളും ബിയര്‍-വൈന്‍ പാര്‍ലറുകളും അടച്ചത്.

പിന്നീട് ലോക്ക്‌ഡൌണ്‍ പിന്‍വലിച്ചതോടെയാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകളും ബാറുകളും വഴി പാഴ്‌സലായി മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനായി ബെവ്ക്യു ആപ്പും കൊണ്ടുവന്നു. രോഗവ്യാപനം കുറഞ്ഞതോടെയാണ് ഇപ്പോള്‍ ബാറുകളും മറ്റും തുറക്കാന്‍ തീരുമാനിച്ചത്. അതേസമയം ഉത്സവ സീസണുകളില്‍ പോലും വന്‍ നഷ്ടത്തിലായിരുന്നു കച്ചവടം നടന്നിരുന്നത്.