കള്ളപ്പണം വെളുപ്പിക്കല്‍ കേസ് : ബിനീഷ് കോടിയേരിക്കെതിരെ കുറ്റപത്രം ഉടന്‍
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനം. കേസില്‍ പ്രാഥമിക കുറ്റപത്രമാണ് അടുത്ത തിങ്കളാഴ്ചയ്ക്കകം സമര്‍പ്പിക്കുക. കാലാവധി കഴിയുമ്പോള്‍ ലഭിക്കുന്ന സ്വാഭാവിക ജാമ്യം റദ്ദാക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ബിനീഷിനെ അറസ്റ്റ് ചെയ്ത് അറുപത് ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് കുറ്റപത്രം നല്‍കുന്നത്.
60 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയില്ലെങ്കില്‍ സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് ഒഴിവാക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ബിനീഷിന്റെ ജാമ്യാപേക്ഷ ബംഗളൂരു സിറ്റി സെഷന്‍സ് കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷയുമായി കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ബിനീഷ്.
കള്ളപ്പണ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ ഇതുവരെ കണ്ടെത്തിയ വിവരങ്ങളും തെളിവുകളും ഉള്‍പ്പെടുത്തിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക കുറ്റപത്രം തയ്യാറാക്കുന്നത്. അടുത്ത തിങ്കളാഴ്ചയ്ക്കുള്ളില്‍ ഇ.ഡി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. ഒക്ടോബര്‍ 29നാണ് ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ബിനീഷ് നല്‍കിയ മറ്റൊരു ഹര്‍ജി കര്‍ണ്ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. നിലവില്‍ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് കോടിയേരി.