ഗര്‍ഭനിരോധന ഗുളികകള്‍ കൊണ്ട് ഗുണങ്ങളും ഉണ്ട് എന്ന് പുതിയ കണ്ടെത്തല്‍
ഗര്‍ഭനിരോധന ഗുളികള്‍ ഉപയോഗിക്കുന്നത് നല്ലതല്ല എന്നാണ് പൊതുവെ ഉള്ള അഭിപ്രായം. ഇത് സ്ഥിരമായി ഉപയോഗിച്ചാല്‍ നിരവധി സൈഡ് എഫക്ട് ഈ ഗുളികകള്‍ക്ക് ഉണ്ടാകും എന്നാണ് പൊതുവെ ഉള്ള സംസാരം .എന്തിനേറെ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നത് സ്തനാര്‍ബുദത്തിന് വരെ കാരണമാകുമെന്നാണ് നേരത്തെ പഠന റിപ്പോര്‍ട്ടുകളില്‍ വരെ പറഞ്ഞിട്ടുള്ളത്.
എന്നാല്‍ ഇപ്പോള്‍ ആ റിപ്പോര്‍ട്ടുകളൊക്കെ തെറ്റാണു എന്നാണ് പുതിയ കണ്ടെത്തല്‍. ഈ കണ്ടുപിടുത്തമനുസരിച്ച് ഗര്‍ഭനിരോധന ഗുളികകള്‍ കഴിച്ചിട്ടുള്ള സ്ത്രീകളില്‍ അണ്ഡാശയ അര്‍ബുദത്തിനും ഗര്‍ഭാശയത്തിന് അകത്തുവരുന്ന ‘എന്‍ഡോമെട്രിയന്‍’ ക്യാന്‍സറിനുമുള്ള സാധ്യതകള്‍ കുറവായിരിക്കും എന്നാണ്. സ്വീഡനിലെ ഉപ്‌സല യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ക്യാന്‍സര്‍ റിസര്‍ച്ച് എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉള്ളത്. അണ്ഡാശയ അര്‍ബുദവും, എന്‍ഡോമെട്രിയന്‍ അര്‍ബുദവുമാണ് സ്ത്രീകളില്‍ പ്രധാനമായും ഗര്‍ഭാശയവുമായി കണ്ടുവരുന്ന രണ്ടുതരം ക്യാന്‍സറുകള്‍.
ഇതില്‍ എന്‍ഡോമെട്രിയന്‍ അര്‍ബുദം നേരത്തെ ലക്ഷണങ്ങള്‍ പ്രകടമാകുന്നത് കൊണ്ട് കണ്ടെത്താറുണ്ട് എന്നാല്‍ അണ്ഡാശയ അര്‍ബുദം മറ്റ് അവയവങ്ങളിലേക്ക് പടര്‍ന്നതിന് ശേഷമാണ് ക്യാന്‍സര്‍ കണ്ടെത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ തങ്ങളുടെ ഈ കണ്ടുപിടുത്തത്തിന് വലിയ പ്രധാന്യമുണ്ടെന്നാണ് ഗവേഷകരുടെ വാദം. എന്നാല്‍ ഈ ഗുളികകള്‍ കഴിക്കുന്നവര്‍ക്ക് സ്തനാര്‍ബുദം പിടിപെടുമെന്ന വസ്തുത തള്ളിക്കളയുന്നില്ലയെന്നാണ് ഇവരുടെ അഭിപ്രായം. എന്തായാലും ഗവേഷകരുടെ ഈ പഠനം എത്രമാത്രം ആധികാരികമായി അംഗീകരിക്കാം എന്നത് സംബന്ധിച്ച് ഒരു റിപ്പോര്‍ട്ടും ഇതുവരെ വന്നിട്ടില്ല.