അഭയയ്ക്ക് നീതി വന്നത് കള്ളന്റെ രൂപത്തില്‍ ; സന്തോഷം പങ്കുവെച്ചു അടയ്ക്കാ രാജു

ദൈവത്തിന്റെ മറവില്‍ ക്രൂരകൃത്യം ചെയ്ത പ്രതികള്‍ക്ക് ശിക്ഷ വാങ്ങി കൊടുത്തത് ഒരു കള്ളന്റെ മൊഴി. കേസില്‍ പല പ്രമുഖരും കൂറ് മാറി മൊഴി മാറ്റി പറഞ്ഞപ്പോഴും അയ്യാള്‍ തന്റെ മൊഴില്‍ ഉറച്ചു നിന്നു. കോടികള്‍ ഓഫര്‍ ചെയ്തിട്ടും അതിലൊന്നും മനസ് മാറാതെ അഭയ എന്ന തനിക്ക് നേരില്‍ അറിയാത്ത ആ കുട്ടിക്ക് വേണ്ടി ആദ്യം കൊടുത്ത മൊഴിയില്‍ തന്നെ ഉറച്ചു നിന്നു. സിനിമകളില്‍ മാത്രം കണ്ടു വന്ന ട്വിസ്റ്റ് ആണ് കേസില്‍ അടയ്ക്കാ രാജു എന്ന ചെറിയ കള്ളന്റെ മൊഴി കൊണ്ട് വന്നത്.

പ്രോസിക്യൂഷന്‍ വിസ്തരിച്ച 49 സാക്ഷികളില്‍ 8 പേര്‍ കേസില്‍ കൂറുമാറിയപ്പോഴും കേസിലെ നിര്‍ണായക മൊഴി നല്‍കിയിരുന്ന മൂന്നാം സാക്ഷിയായ അടയ്ക്കാ രാജു തന്റെ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. എനിക്കും പെണ്‍കുട്ടികളുണ്ട്, അയല്‍പക്കത്തും പെണ്‍കുട്ടികളുണ്ട് എന്ന് പറഞ്ഞ അദ്ദേഹം ആര്‍ക്കും ഒരു ദോഷവും വരരുതെന്നതായിരുന്നു തന്റെ ആഗ്രഹമെന്നും പറഞ്ഞു. ആ കുഞ്ഞിന്റെ അപ്പനായിട്ട് തന്നെ പറയുവാ ഞാന്‍ ഭയങ്കര ഹാപ്പിയാണ് അടയ്ക്ക രാജു പറയുന്നു.

 

സിസ്റ്റര്‍ അഭയയ്ക്ക് നീതി കിട്ടിയെന്നും ഇത് ദൈവത്തിന്റെ കൃപയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേസില്‍ നീതികിട്ടിയില്ലേ തനിക്ക് അത് മതിയെന്നാണ് അടയ്ക്കാ രാജു മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്നോട് കേസില്‍ നിന്നും പിന്മാറാന്‍ നിരവധിപേര്‍ കോടികളാണ് വാഗ്ദാനം ചെയ്തതെന്നും. തനിക്ക് അതോന്നുമാവശ്യമില്ലെന്നും ഇപ്പോഴും താന്‍ മൂന്ന് സെന്റിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം മോഷണത്തിനായി മഠത്തില്‍ കയറിയപ്പോള്‍ ഫാദര്‍ തോമസ് കോട്ടൂരിനെയും ഫാദര്‍ ജോസ് പുതൃക്കയിലിനെയും മഠത്തില്‍ കണ്ടെന്നായിരുന്നു രാജുവിന്റെ മൊഴി. ഇതാണ് കേസില്‍ അന്വേഷണത്തിനു ശരിയായ ദിശ കിട്ടാന്‍ നിര്ണായകമായത്.