പ്രത്യേക നിയമസഭ സമ്മേളനം നാളെ ചേരില്ല ; സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു
കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അനുമതി നിഷേധിച്ചു. സഭ ചേരാനുള്ള ശിപാര്‍ശ ഗവര്‍ണര്‍ തള്ളിയതോടെ നിയമസഭ നാളെ ചേരില്ല എന്ന് വ്യക്തമായി. സമ്മേളനം ചേരാനുള്ള അടിയന്തര സാഹചര്യം എന്താണെന്ന് വ്യക്തമാക്കണമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആവശ്യപ്പെട്ടിരുന്നു. സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് വാദിച്ച ഗവര്‍ണര്‍ സ്പീക്കറോട് വിശദീകരണം തേടുകയും ചെയ്തു.
കര്‍ഷക ബില്ലിനെതിരെ പ്രമേയം പാസാക്കാന്‍ നാളെ ( ബുധനാഴ്ച) ഒരു മണിക്കൂര്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനായിരുന്നു കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നത്. പ്രമേയത്തെ യു.ഡി.എഫ് പിന്തുണക്കുമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് നിയമസഭ സമ്മേളിക്കാനുള്ള അപേക്ഷ ഗവര്‍ണര്‍ തള്ളുന്നത്.
മുഖ്യമന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തിയശേഷം ഇപ്പോഴത്തെ സാഹചര്യം ചര്‍ച്ച ചെയ്യുകയും തുടര്‍ തീരുമാനം എടുക്കുകയും ചെയ്യുമെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. ഗവര്‍ണറുടെ നടപടി ദൌര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഗവര്‍ണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് മുന്‍ മന്ത്രി കെ.സി ജോസഫ് പറഞ്ഞു.ഗവര്‍ണര്‍ തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുകയാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്തു ചര്‍ച്ച ചെയ്യണമെന്ന് മന്ത്രിസഭയാണ് തീരുമാനിക്കുന്നതെന്നും ഗവര്‍ണറല്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.