മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവര്‍ണര്‍

മുഖ്യമന്ത്രി അയച്ച കത്തിന് മറുപടിയുമായി ഗവര്‍ണര്‍. നിയമസഭ വിളിക്കാനുളള കത്തില്‍ കാരണം വ്യക്തമാക്കിയില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. അടിയന്തര സാഹചര്യം വിശദീകരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് കൃത്യമായ മറുപടി നല്‍കിയില്ല. മുഖ്യമന്ത്രി നല്‍കിയ കത്തിലെ വാദങ്ങള്‍ തെറ്റാണ്. മന്ത്രിസഭയുടെ ആവശ്യങ്ങള്‍ എപ്പോഴും അംഗീകരിച്ചിട്ടുണ്ടെന്നും മറുപടിയില്‍ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ശ്രേയാന്‍ സ്വധര്‍മോ വിഗുണ: പരധര്‍മാത്സ്വനുഷ്ഠിതാത്; സ്വധര്‍മേനിധനം ശ്രേയ: പരധര്‍മോ ഭയാവഹ:’- ‘ഒരാള്‍ക്ക് വിധിക്കപ്പെട്ടിട്ടുള്ള ചുമതലകള്‍ തെറ്റോടുകൂടിയാണെങ്കിലും നിറവേറ്റുകയെന്നത്, അന്യരുടെ കര്‍ത്തവ്യങ്ങള്‍ ഭംഗിയായി ചെയ്യുന്നതിനേക്കാള്‍ നല്ലതാകുന്നു. സ്വന്തം കൃത്യനിര്‍വ്വഹണത്തില്‍ നാശമോ തെറ്റോ സംഭവിക്കുന്നത് മറ്റുള്ളവന്റെ കര്‍മ്മം ചെയ്യുന്നതിനേക്കാള്‍ ശ്രേയസ്‌ക്കരം തന്നെയാകുന്നു. അന്യരുടെ വഴി സ്വീകരിക്കുന്നത് ആപല്‍ക്കരമാണ് എന്ന സംസ്‌കൃത ശ്ലോകം കൂടി ഉള്‍പ്പെടുത്തിയാണ് ഗവര്‍ണ്ണര്‍ മറുപടി അയച്ചത്.

കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ച നടപടി വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ഗവര്‍ണറുടെ നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഗവര്‍ണറുടെ നടപടി ഭരണഘടനയ്ക്ക് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. നിയമസഭ വിളിക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ല. അടിയന്തര സാഹചര്യമില്ല എന്ന ഗവര്‍ണറുടെ വാദം തെറ്റാണ്. ഗവര്‍ണറുടെ നടപടി ഭരണഘടനയുടെ 174 (ഒന്ന്) അനുച്ഛേദത്തിന് വിരുദ്ധമാണ്. രാഷ്ട്രപതിയും ഗവര്‍ണറും മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സഭ വിളിക്കാന്‍ 15 ദിവസത്തിന് മുന്‍പേ അനുമതി തേടണമെന്നാണ് ചട്ടം. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ സഭ വിളിച്ചുചേര്‍ക്കാനുള്ള അനുമതി തേടിയ, നിലവിലെ വിഷയത്തില്‍ ഇത് 24 മണിക്കൂര്‍ മുന്‍പെ മാത്രമാണ്. ചട്ടങ്ങളുടെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നിന്ന് വ്യതിചലിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ഓഫീസിന്റെ കടമയാണ്. 17നാണ് ക്യാബിനറ്റ് 2021 ജനുവരി എട്ടിന് നിയമസഭ വിളിക്കാന്‍ അനുമതി തേടാന്‍ തീരുമാനിച്ചത്. 18ന് ഇതു സംബന്ധിച്ച ഫയല്‍ എന്റെ ഓഫീസിലെത്തി. 19ഉം 20ഉം അവധി ദിവസമായിരുന്നു. 21ന് ഉച്ചയ്ക്ക് തന്നെ ഫയലിന്മേല്‍ താന്‍ അനുമതി നല്‍കി. അന്നു തന്നെ ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മടക്കി അയക്കുകയും ചെയ്തു.