843 ദിവസം ചര്‍ച്ച് ബേസ്മെന്റില്‍ ഒളിച്ചുകഴിയേണ്ടിവന്ന ദമ്പതികള്‍ക്ക് മോചനം
പി.പി. ചെറിയാന്‍
ഫിലഡല്‍ഫിയ: ഡീപോര്‍ട്ടേഷന്‍ ഭയപ്പെട്ട് 843 ദിവസം ഫിലഡല്‍ഫിയ ടാമ്പര്‍നാക്കിള്‍ യുണൈറ്റഡ് ചര്‍ച്ചിന്റെ അടിത്തട്ടില്‍ ഒളിച്ചുകഴിഞ്ഞ ജമൈക്കന്‍ ദമ്പതികളായ ക്ലൈസ് (61), ഒനിറ്റ (48) എന്നിവര്‍ക്ക് ഒടുവില്‍ മോചനം.
ജമൈക്കയില്‍ നടന്ന വര്‍ഗീയ കലാപത്തെ തുടര്‍ന്ന് രാഷ്ട്രീയ അഭയംതേടി പതിനഞ്ച് വര്‍ഷം മുമ്പാണ് ദമ്പതികള്‍ അമേരിക്കയിലെത്തിയത്. എന്നാല്‍ രാഷ്ട്രീയ അഭയം നല്‍കണമെന്ന അപേക്ഷ 2018-ല്‍ ട്രംപ് ഭരണകൂടം തള്ളിയതിനെ തുടര്‍ന്ന് ഡീപോര്‍ട്ടേഷന്‍ ഭീഷണി നിലനില്‍ക്കുന്നതില്‍ നിന്നും രക്ഷനേടുന്നതിനാണ് യുണൈറ്റഡ് ചര്‍ച്ചില്‍ അഭയം തേടിയത്.
പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ഇവര്‍ക്ക് ഏഴു മക്കള്‍ ജനിച്ചു. ഏഴുപേരും അമേരിക്കയില്‍ ജനിച്ചതിനാല്‍ അമേരിക്കന്‍ പൗരത്വം ലഭിച്ചു. ഇവരില്‍ രണ്ടു മക്കളുമായിട്ടാണ് ഏകദേശം രണ്ടര വര്‍ഷം ഒളിച്ചുകഴിയേണ്ടിവന്നത്.
ഇമിഗ്രേഷന്‍ അധികൃതര്‍ അന്വേഷിക്കാന്‍ ആരംഭിച്ചതോടെ ഇരുവരും ജോലി ഉപേക്ഷിച്ച് ഫസ്റ്റ് യുണൈറ്റഡ് മെതഡിസ്റ്റ് ചര്‍ച്ചിലാണ് (ജര്‍മന്‍ ടൗണ്‍) ആദ്യം അഭയംതേടിയത്. പിന്നീട് ടാമ്പര്‍നാക്കിള്‍ യുണൈറ്റഡ് ചര്‍ച്ചിലും.
ഡിസംബര്‍ 21 തിങ്കളാഴ്ച ഇവര്‍ക്കെതിരേയുള്ള കേസ് അവസാനിപ്പിക്കുകയാണെന്ന് ഇമിഗ്രേഷന്‍ അധികതര്‍ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ രണ്ടര വര്‍ഷത്തെ അജ്ഞാതവാസം അവസാനിപ്പിച്ച് പുറത്തിറങ്ങിയത്. ഇവര്‍ക്ക് ലഭിച്ചത് ഏറ്റവും വലിയ ക്രിസ്മസ് സമ്മാനമാണ്. അഭയം നല്‍കിയ ചര്‍ച്ചിലെ പാസ്റ്റര്‍ റവ. കേറ്റി ഐക്കിന്‍സ് അറിയിച്ചു.