ടൊറന്റോയില്‍ രാഷ്ട്രീയ അഭയം തേടിയ പാക്കിസ്ഥാനി ആക്ടിവിസ്റ്റ് മരിച്ച നിലയില്‍
പി.പി. ചെറിയാന്‍
ടൊറന്റോ (കാനഡ): പാക്കിസ്ഥാനില്‍ ജീവന് ഭീഷണിയുണ്ടെന്നറിഞ്ഞതിനാല്‍ കാനഡയിലേക്ക് രാഷ്ട്രീയ അഭയം തേടിയെത്തിയ പാക്കിസ്ഥാനി ആക്ടിവിസ്റ്റ് കരിമ ബലോച്ചുവിനെ (37) മരിച്ചനിലയില്‍ കണ്ടെത്തി. ഡിസംബര്‍ 21 തിങ്കളാഴ്ചയാണ് കരിമയെ സംശയാസ്പദമായ രീതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ടൊറന്റോ പോലീസ് അറിയിച്ചു.
മരണകാരണം വെളിപ്പെടുത്തുവാന്‍ പോലീസ് വിസമ്മതിച്ചു. സംഭവത്തെക്കുറിച്ച് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
കരിമയുടെ മരണത്തെക്കുറിച്ച് ആക്ടിവിസ്റ്റ് ലത്തീഫ് പറഞ്ഞത് ഇപ്രകാരമാണ്: ‘കരിമയുടെ ആകസ്മിക മരണം ഞങ്ങളെ ഞെട്ടിപ്പിച്ചിരുക്കുന്നു. ഇവരുടെ മൃതദേഹം ടൊറന്റോയ്ക്ക് സമീപം വെള്ളത്തില്‍ നിന്നാണ് കണ്ടെത്തിയത്. ഇതൊരു കൊലപാതകമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’.
എന്നാല്‍ പോലീസിന്റെ വിശദീകരണം ഇതൊരു ആത്മഹത്യയാണെന്നാണ്. അതൊണ്ട് നോണ്‍ ക്രിമിനല്‍ ഡെത്തായിട്ടാണ് ഇതിന്റെ അന്വേഷണം മുന്നോട്ടു പോകുന്നതെന്നും അധികൃതര്‍ വിശദീകരിച്ചു.
2017-ലാണ് കരിമയ്ക്ക് കാനഡയില്‍ രാഷ്ട്രീയ അഭയം ലഭിച്ചത്. ജീവന് ഭീഷണിയുണ്ടെന്നതിനാല്‍ ഏഴായിരും മൈലുകള്‍ താണ്ടി സുരക്ഷിതത്വം ലഭിക്കുന്നതിനുവേണ്ടി എത്തിയ കരിമ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.