അഭയ കേസ് നല്‍കുന്ന പാഠം: വ്യത്യസ്തമാകുന്ന സത്യം

ഒരു വിശ്വാസി

‘വൈകി ലഭിക്കുന്ന നീതി നീതിനിഷേധം തന്നെ’ എന്നത് ആപ്തവാക്യം. ഈ ആപ്തവാക്യം രാജ്യത്ത് ഒരു തമാശവചനമായി മാറിയിട്ട് കാലമേറെയായി. അതില്‍ നിന്നും വ്യത്യസ്തമാവുന്നു സിസ്റ്റര്‍ അഭയ കേസ്. നീതിയുടെ വാതില്‍ എത്ര കൊട്ടിയടയ്ക്കാന്‍ ശ്രമിച്ചാലും കാലമെത്രയെടുത്താലും നീതി പുലരുക തന്നെ ചെയ്യുമെന്നതാണ് സിസ്റ്റര്‍ അഭയ കൊലപാതക കേസ് വിധി നല്‍കുന്നത്.

പണവും സ്വാധീനവും ഉണ്ടെങ്കില്‍ ഏത് കൊലയാളിക്കും രക്ഷപ്പെടാമെന്ന ചിന്തകള്‍ക്ക് മേലേയാണ് നീതിപീഠം പ്രഹരിച്ചത്. രാജ്യത്തെ നിയമപാലന നീതിന്യായ വ്യവസ്ഥകള്‍ക്ക് ഏറെ കളങ്കമുണ്ടാക്കിയതാണ് സിസ്റ്റര്‍ അഭയ കേസ്. 28 വര്‍ഷത്തിന് ശേഷം വിധി എത്തിയിരിക്കുന്നു. പ്രതികളായ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിയ്ക്കും ജീവപര്യന്തം തടവും പിഴയും തിരുവനന്തപുരം സി.ബി.ഐ കോടതി വിധിച്ചിരിക്കുന്നു.

പണവും രാഷ്ട്രീയഭരണ സ്വാധീനവും ഉപയോഗിച്ച് കത്തോലിക്ക സഭ നടത്തിയ നീക്കങ്ങള്‍ നീതിന്യായ വ്യവസ്ഥക്ക് മുന്നില്‍ തോറ്റ നാള്‍. ക്‌നനായ സഭ അതിന്റെ സര്‍വ്വശക്തിയും ഉപയോഗിച്ച് വലിച്ചുനീട്ടിയ ഒരു കേസിനാണ് ഏറെക്കുറെ ആശ്വാസകരമായ അന്ത്യം ഉണ്ടായത്. ഒരിക്കല്‍ ക്രിസ്തിയ മതവിശ്വാസികളാണ് ഈ കേസ് ഉറ്റുനോക്കിയിരുന്നതെങ്കില്‍, ഇന്ന് കേരളജനത അപ്പാടെ അഭയകേസിന്റെ വിധിക്കായി കാത്തിരുന്നു എന്നതാണ് വലിച്ചുനീട്ടിയ ഈ കേസിന്റെ പരിണാമം.

എന്തുകൊണ്ടു ഒരു സാധാരണ കൊലപാതകക്കേസ് ഇത്തരത്തില്‍ ഇഴഞ്ഞു നീങ്ങി. പ്രതികള്‍ സാധാരണക്കാരല്ലാത്തതു തന്നെ കാരണം. ധാര്‍മികതയുടെ വാര്‍പ്പുമാതൃകളാവേണ്ടവരും പാതകള്‍ തുറന്നു കാട്ടേണ്ടവരുമായ ആത്മീയ സംവിധാനങ്ങള്‍ തന്നെയാണ് അഭയ കേസിനെ 28 വര്‍ഷം വരെ തള്ളിനീക്കിച്ചത്. ആത്മീയതയുടെ മുഖപടമണിഞ്ഞ ക്രിമിനലുകളും അവര്‍ക്ക് പിന്നില്‍ നിലയുറപ്പിച്ച സാമ്പത്തിക ശക്തികളും വോട്ടു ബാങ്കിനെ പിണക്കാത്ത രാഷ്ട്രീയഛിദ്ര ശക്തികളുമാണ് സന്യസ്ത ജീവിത്തിനിറങ്ങിയ അഭയയുടെ കൊലപാതക കേസ് ഇത്രയും കാലം വലിച്ചു നീട്ടിയത്.

സ്വാധീനങ്ങള്‍ക്കും കറന്‍സികള്‍ക്കും മുന്നില്‍ വഴങ്ങിയ അന്വേഷണ ഉദ്യോഗസ്ഥരും കൈക്കോര്‍ത്ത് നിരന്തരം അട്ടിമറിക്കാന്‍ ശ്രമിച്ചതാണ് അഭയയുടെ കൊലപാതകം. വമ്പന്‍ ശക്തികളുടെ ഇത്തരം നീക്കങ്ങള്‍ക്കു മുന്നില്‍ അഭയയെ പോലുള്ള ദരിദ്ര ജന്മങ്ങള്‍ എത്രമാത്രം നിസ്സഹായരാണെന്ന് ഈ കേസ് സമൂഹത്തെ ബോധ്യപ്പെടുത്തി തരുന്നുണ്ട്.

1992 മാര്‍ച്ച് 27 നാണ് ക്‌നാനായ സഭയുടെ കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയും കോട്ടയം ബി.സി.എം കോളജിലെ പ്രീഡിഗ്രി വിദ്യാര്‍ഥിനിയുമായ ബീന എന്ന സിസ്റ്റര്‍ അഭയയെ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍കണ്ടെത്തുന്നത്. കൊലപാതകമെന്ന് പൊതുസമൂഹം വിശ്വസിച്ച കേസ് ആത്മഹത്യയാക്കി മാറ്റാനായിരുന്നു ലോക്കല്‍ പൊലിസും പിന്നീട് ക്രൈംബ്രാഞ്ചും ശ്രമിച്ചത്. ഈ അട്ടിമറി നീക്കത്തില്‍ സഭയുമായി ബന്ധപ്പെട്ട ചില സാമ്പത്തിക ശക്തികളും രാഷ്ട്രീയാധികാര കേന്ദ്രങ്ങളും അന്വേഷണ സംഘവുമെല്ലാം ശ്രമിച്ചു എന്നത് പൊതുസമൂഹത്തിന് ബോധ്യപ്പെട്ടതാണ്. സി.ബി.ഐ പോലും മൂന്ന് തവണ അഭയയുടെ കൊലപാതക കേസ് എഴുതി തള്ളാന്‍ ശ്രമിച്ചു എന്നത് ആത്മീയതുയുടെ മറവിലെ സ്വാധീന വേരുകള്‍ എത്രമാത്രം പടര്‍ന്നു പന്തലിച്ചിരുന്നു എന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ്. നിരന്തരമായ നിയമ പോരാട്ടങ്ങളുടെ ഫലമാണ് ഇന്നത്തെ വിധി.

സിനിമ കഥകളെ പോലും വെല്ലുന്ന തിരികഥകളായിരുന്നു അഭയ കേസ് അന്വേഷണം അട്ടിമറിക്കാന്‍ സൃഷ്ടിച്ചെടുത്തത്. നാലാം പ്രതിയായിരുന്ന മുന്‍ എ.എസ്.ഐ വി.വി അഗസ്റ്റിന്റെ ദുരൂഹ മരണം. സുപ്രധാന തെളിവുകളെല്ലാം കത്തിച്ചു കളഞ്ഞ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍. ഭീഷണികളെയും സമ്മര്‍ദങ്ങളെയും തുടര്‍ന്ന് കൂറുമാറപ്പെട്ട എട്ടു സാക്ഷികള്‍. ഇരകള്‍ക്കായി മുന്നില്‍ നിന്ന ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അടക്കം നേരിടേണ്ടി വന്ന കടുത്ത ഭീഷണികള്‍. കൊലപാതകമെന്ന് കണ്ടെത്തയതോടെ നിരന്തര പീഡനങ്ങളെ തുടര്‍ന്ന് ജോലി ഉപേക്ഷിക്കേണ്ടി വന്ന സി.ബി.ഐ ഡിവൈ.എസ്.പി വര്‍ഗീസ് പി. തോമസ്. അഭയ കേസില്‍ നീതിപുലരാതിരിക്കാന്‍ വര്‍ഷങ്ങളോളും സമ്പത്തുമായി ആത്മീയ വ്യാപാരികള്‍ അധികാര വര്‍ഗത്തെ കൂട്ടുപിടിച്ച് തിരശ്ശീലയ്ക്കു പിന്നിലിരുന്ന് നടത്തിയ കളികള്‍.

കോട്ടയം ക്നാനയ കത്തോലിക്ക സഭയിലെ വൈദീകനും കന്യാസ്ത്രീയുമാണ് ശിക്ഷിക്കപ്പെട്ടവര്‍. കോടതി വിധി പറഞ്ഞിട്ടും അവര്‍ കുറ്റക്കാരെന്ന് അംഗീകരിക്കാന്‍ അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി ചൊല്ലുന്നവര്‍ തയ്യാറല്ല. കൊലയാളികളെ അവര്‍ തള്ളികളയുന്നില്ല. കൊലയാളികളെ കാരാഗ്രഹത്തില്‍ നിന്നും പുറത്തെത്തിക്കുമെന്നവര്‍ പറയാതെ പറഞ്ഞു വെയ്ക്കുന്നു. കൊലപാതകളികളെ രക്ഷിച്ചെടുക്കാന്‍ സഭയുടെ സമ്പത്തും ആള്‍ബലവും ഇനിയും ഉപയോഗിക്കപ്പെടുമെന്നു തന്നെയാണ് വ്യക്തമാകുന്നത്.

അഭയ കേസില്‍ നീതിപുലരാതിരിക്കാന്‍ വര്‍ഷങ്ങളോളമാണ് സഭയുടെ സമ്പത്ത് ചെലവഴിക്കപ്പെട്ടത്. കടുത്ത സമ്മര്‍ദങ്ങളും ഭീഷണികളുമായി സമുദായ നേതാക്കള്‍ രംഗത്തിറങ്ങിയിട്ടും അതിനെയെല്ലാം അതിജയിച്ചു നീതിക്കു വേണ്ടി നിലകൊണ്ട മാതാപിതാക്കളും ജോമോന്‍ പുത്തന്‍പുരയ്ക്കലും അഭയയുടെ അധ്യാപിക പ്രൊഫ. ത്രേസ്യാമ്മയും നീതിബോധത്തിന്റെ പ്രതീകങ്ങളാണ്. മോഷണ വഴികളിലൂടെ സഞ്ചരിച്ചിട്ടും വച്ചുനീട്ടപ്പെട്ട കറന്‍സിയുടെ പ്രലോഭനത്തെയും നിയമപാലകരുടെ പീഡനത്തെയും അതിജയിച്ച അടയ്ക്കാ രാജു ഈ സമൂഹത്തിന് നല്‍കുന്ന സന്ദേശം വളരെ വലുതാണ്. മോഷണ വഴികളിലൂടെ സഞ്ചരിച്ച അടയ്ക്കാ രാജുവിന് ശിഷ്യപ്പെടണം ക്രൈസ്തവ സഭയിലെ ആത്മീയ കച്ചവടക്കാര്‍. പൊതുസമൂഹം കണ്ണ് തുറന്നാല്‍ അവരില്‍ നിന്നും ആയിരം നീതിമാന്മാര്‍ ജനിക്കും.

സമ്പത്തും സ്വാധീനങ്ങളും കൊണ്ട് എക്കാലത്തും നീതിയെ തടഞ്ഞു നിര്‍ത്താനാവില്ല. എത്ര ആഴങ്ങളില്‍ മണ്ണിട്ട് മൂടാന്‍ ശ്രമിച്ചാലും സത്യം ഒരുനാള്‍ പുറത്തു വരും. ഏത് കുറ്റവാളിക്കും ശിക്ഷയേറ്റു വാങ്ങേണ്ടി വരും. നീതിമാന്മാര്‍ പലരൂപത്തില്‍ നിലാരമ്പര്‍ക്ക് സഹായവുമായി എത്തുമെന്നതാണ് 28 വര്‍ഷത്തിന് ശേഷം സിസ്റ്റര്‍ അഭയ കേസിലൂടെ തെളിയുന്നത്. ക്രിസ്തുവിന്റെ വഴിയിലൂടെയാണ് നിങ്ങളുടെ യാത്രയെങ്കില്‍ സഭയുടെ സമ്പത്ത് ഇനിയും കുറ്റവാളികളെ രക്ഷിച്ചെടുക്കാന്‍ വിനിയോഗിക്കണമോയെന്ന് നിങ്ങള്‍ ചിന്തിക്കണം. മുട്ടിപ്പായി നിന്നും ക്രിസ്തുവിന് മുന്നില്‍ തെറ്റുകളും കുറ്റങ്ങളും ഏറ്റുപറഞ്ഞ് നിങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങുവിന്‍. അതല്ല പ്രബലരായ കുറ്റവാളികള്‍ക്കായി ഇനിയും നിങ്ങള്‍ സി.ബി.ഐ കോടതി വിധിയെ മേല്‍ക്കോടതികളില്‍ ചോദ്യം ചെയ്യപ്പെടാനായി രംഗത്തിറങ്ങുകയാണെങ്കില്‍….?

ഓര്‍ക്കുക, സഭയുടെ ഇടയന്മാര്‍ ചെയ്ത പാപങ്ങള്‍ക്ക് ആഗോള കത്തോലിക്കാ സഭയുടെ ആസ്ഥാനത്ത് നിന്നും എത്ര തവണ മാര്‍പാപ്പ ലോകത്തോട് മാപ്പു ചോദിച്ചെന്ന്….

വാല്‍കഷണം: ഇനി സത്യം ഇതൊന്നുമല്ലെങ്കില്‍ പിന്നെ എന്താണ് അഭയ കേസ്…സത്യം എന്നെങ്കിലും തിരിച്ചറിയപ്പെടും എന്ന് കരുതുന്നവരോട് ഒരു വാക്ക്- ഇപ്പോള്‍ കോടതിവിധി അംഗീകരിക്കുകയും, കുറ്റവാളികളായി കണ്ടെത്തിയവരെ മാതൃകാപരമായി ശിക്ഷിച്ച നീതിന്യായ വ്യവസ്ഥയില്‍ തത്കാലം വിശ്വസിക്കുക. സത്യം അങ്ങനെയാണ് പലപ്പോഴും കയ്ക്കും, വേദനിക്കും. എനിക്കിഷ്ടമുള്ള കോടതിവിധി മാത്രമേ ഞാന്‍ അംഗിരികരിക്കു എന്ന് പറയുന്നതു എവിടുത്തെ ന്യായമാണ്. അല്ലെങ്കില്‍ ഈ രാജ്യത്തെ എല്ലാ നിയമവ്യവസ്ഥകളെയും നിങ്ങള്‍ വരുതിയിലാക്കാന്‍ ശ്രമിക്കുകയാണ്. യഥാര്‍ത്ഥ വിശ്വാസി ഒരു ജനാധിപത്യ വിശ്വാസി കൂടി ആയിരിക്കണം.