അഭയാ കേസില്‍ വിധി ; തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം, സെഫിക്ക് ജീവപര്യന്തം

കേരളം കാത്തിരുന്ന വിധി പ്രസ്താവന വന്നു. സിസ്റ്റര്‍ അഭയ കൊലക്കേസില്‍ മുഖ്യ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു. പ്രതികള്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. തടവ് ശിക്ഷയ്ക്കൊപ്പം രണ്ട് പ്രതികളും അഞ്ച് ലക്ഷം രൂപ പിഴ അടയ്ക്കണം. കോണ്‍വെന്റില്‍ അതിക്രമിച്ച് കയറിയ കുറ്റത്തിന് ഫാദര്‍ തോമസ് കോട്ടൂര്‍ ഒരു ലക്ഷം രൂപ അധികം പിഴ അടയ്ക്കണം. ഐ.പി.സി. 302, 201 വകുപ്പുകള്‍ പ്രകാരമാണ് കോടതി പ്രതികളെ ശിക്ഷിച്ചത്. തെളിവ് നശിപ്പിച്ചതിന് ഫാദര്‍ തോമസ് കോട്ടൂരിന് ഏഴ് വര്‍ഷം തടവുശിക്ഷയും വിധിച്ചു. ശിക്ഷാവിധി കേള്‍ക്കാന്‍ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും സി.ബി.ഐ. കോടതിയില്‍ എത്തിയിരുന്നു. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 28 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്.

കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ കോടതി കണ്ടെത്തിയിരിക്കുന്നത്. കൊലപാതകം നടത്താനെന്ന ലക്ഷ്യത്തോടെ അതിക്രമിച്ച് കയറിയെന്ന കുറ്റം തോമസ് എം കോട്ടൂരിനെതിരെ മാത്രമാണ് തെളിഞ്ഞത്. കൊലപാതക കുറ്റത്തിന് വധശിക്ഷയോ ജീവപര്യന്തം തടവോ, ഒപ്പം പിഴയുമാണ് ഇന്ത്യന്‍ ശിക്ഷ നിയമം നിഷ്‌കര്‍ഷിയ്ക്കുന്ന ശിക്ഷ. തെളിവ് നശിപ്പിച്ചെന്ന കുറ്റത്തിന് ഒന്ന് മുതല്‍ പരമാവധി ഏഴ് വര്‍ഷം വരെ തടവും പിഴയും, കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ട് അതിക്രമിച്ച് കയറിയതിന് പരമാവധി പത്ത് വര്‍ഷത്തില്‍ താഴെ തടവും പിഴയുമാണ് ഐപിസി നിഷ്‌കര്‍ഷിയ്ക്കുന്നത്.


302 വകുപ്പ് (കൊലപാതകം) അനുസരിച്ച് ജീവപര്യന്തം, പിഴ 5 ലക്ഷം, 201 വകുപ്പ് (തെളിവ് നശിപ്പിക്കല്‍) അനുസരിച്ച് 7 വര്‍ഷം തടവ്, 50,000 രൂപ പിഴ, 449 വകുപ്പ് കോണ്‍വെന്റില്‍ അതിക്രമിച്ച് കയറിയതിന് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ എന്നിങ്ങനെയാണ് കോട്ടൂരിന് ലഭിച്ച ശിക്ഷ. 302 വകുപ്പ് (കൊലപാതകം) അനുസരിച്ച് ജീവപര്യന്തം, 5 ലക്ഷം രൂപ പിഴ, 201 വകുപ്പ് (തെളിവ് നശിപ്പിക്കല്‍) അനുസരിച്ച് 7 വര്‍ഷം തടവ്, 50,000 രൂപ പിഴ എന്നിങ്ങനെയാണ് സിസ്റ്റര്‍ സെഫിക്ക് ലഭിച്ച ശിക്ഷ. എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴയൊടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കണം.

ഗൌരവമുള്ള കുറ്റമാണ് പ്രതികള്‍ ചെയതതെന്നും നിയമ അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. താന്‍ അര്‍ബുദ രോഗിയാണെന്നും പ്രായം പരിഗണിച്ചു ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും കോട്ടൂരിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. പ്രായമായ മാതാപിതാക്കളുണ്ടെന്നും അവരെ സംരക്ഷിക്കുന്നത് താനാണെന്നും സിസ്റ്റര്‍ സെഫി കോടതിയില്‍ പറഞ്ഞിരുന്നു. സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഫാദര്‍ തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് സിബിഐ പ്രത്യേക കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. അഭയ കൊല്ലപ്പെട്ടിട്ട് 28 വര്‍ഷത്തിന് ശേഷമാണ് കേസില്‍ തിരുവനന്തപുരം സിബിഐ കോടതി വിധി പറഞ്ഞത്. സത്യം തെളിഞ്ഞുവെന്നും ദൈവത്തിനും കോടതിക്കും നന്ദിയെന്നും അഭയയുടെ കുടുംബം പ്രതികരിച്ചു.