തോമസ് ഐസക്ക് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം
അവകാശ ലംഘന നോട്ടീസില്‍ ധനമന്ത്രി ടി എം തോമസ് ഐസക്ക് നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാകാന്‍ നിര്‍ദ്ദേശം. ഈ മാസം 29ന് കമ്മിറ്റിക്ക് മുന്നിലെത്തി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. സംഭവത്തില്‍ നോട്ടീസ് നല്‍കിയ വി ഡി സതീശനെ നിയമസഭാ സമിതി ഇന്ന് വിസ്തരിച്ചു. മന്ത്രിക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ റിപ്പോര്‍ട്ട് സഭക്ക് മുന്നില്‍ വയ്ക്കുന്നതിന് മുന്‍പ് പുറത്ത് വിടുന്നത് കീഴ്വഴക്കമാകുമെന്ന് സതീശന്‍ വ്യക്തമാക്കി. മന്ത്രി നിയമം ലംഘിച്ചുവെന്നും സതീശന്‍ സമിതിക്ക് മുന്നില്‍ പറഞ്ഞു.
ഒരു മന്ത്രിക്കെതിരായ അവകാശലംഘന പരാതി നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ എത്തുന്നത് ഇതാദ്യമാണ്. ഒന്‍പത് അംഗ കമ്മിറ്റിയില്‍ ആറു പേരും ഇടത് അംഗങ്ങളായതിനാല്‍ നടപടിക്ക് സാധ്യത കുറവാണ്. നടപടിക്ക് ശുപാര്‍ശ ചെയ്താലും നിയമസഭയിലെ അംഗബലം അനുസരിച്ച് സര്‍ക്കാറിന് അത് തള്ളിക്കളയാനുമാകും.
സിഎജി റിപ്പോര്‍ട്ട് സഭയില്‍ വെച്ചതിനു ശേഷം പുറത്തിവിടുന്നതാണ് സാധാരണ ചട്ടം. എന്നാല്‍ ഈ ചട്ടം ലംഘിച്ചാണ് ധനമന്ത്രി ഈ റിപ്പോര്‍ട്ട് ചോര്‍ത്തിയതെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപിച്ചാണ് പ്രതിപക്ഷത്ത് നിന്ന് വി.ഡി. സതീശന്‍ എംഎല്‍എ ധനമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. അതേസമയം പ്രതിപക്ഷ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടാണ് സ്പീക്കര്‍, പരാതി എത്തിക്സ് ആന്‍ഡ് പ്രിവില്ലേജസ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടത്. നേരത്തെ ധനമന്ത്രി നേരിട്ടെത്തി സ്പീക്കര്‍ക്ക് വിശദീകരണം നല്‍കിയിരുന്നു.
മന്ത്രിമാര്‍ക്കെതിരെയുള്ള അവകാശലംഘന നോട്ടീസില്‍ വിശദീകരണത്തിന് ശേഷം തുടര്‍നടപടികള്‍ അവസാനിപ്പിക്കുന്നതാണ് സാധാരണ രീതിയെങ്കിലും നിയമസഭാചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിക്കെതിരായ അവകാശലംഘന പരാതി എത്തിക്സ് കമ്മിറ്റിക്ക് വിടുന്നത്.