ഇ.ഡി സമ്മര്‍ദം ചെലുത്തി മൊഴിയെടുക്കുന്നതായി റൗഫ് ഷെരീഫ് ; ഇ.ഡിക്ക് കോടതിയുടെ താക്കീത്

കസ്റ്റഡിയില്‍ വച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തി മൊഴിയെടുക്കുന്നതായി ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷെരീഫ് കോടതിയില്‍. സഹോദരനെയടക്കം യുഎപിഎ കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി വെള്ള പേപ്പറില്‍ ഒപ്പിട്ട് വാങ്ങുന്നതായും റൗഫ് ഷെരീഫ് കോടതിയില്‍ വ്യക്തമാക്കി. ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായ ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ റൗഫ് ഷെരീഫ് എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിക്ക് പരാതി നല്‍കിയത്.

വൈകിട്ട് ആറുമണിക്ക് ശേഷം ചോദ്യംചെയ്യല്‍ പാടില്ലെന്നിരിക്കെ പലതവണ രാത്രിയും ഉദ്യോഗസ്ഥര്‍ തന്നെ ചോദ്യം ചെയ്തതായി റൗഫ് ഷെരീഫ് കോടതിയില്‍ പറഞ്ഞു. ഇ.ഡി ഉദ്യോഗസ്ഥര്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് തന്റെ മൊഴിയായി എഴുതിയിരിക്കുന്നത്. തനിക്ക് പരിചയമില്ലാത്ത ആളുകളുമായും ബന്ധമുണ്ടായിരുന്നതായി ഇവര്‍ നിര്‍ബന്ധിച്ചു മൊഴിയെടുത്തു. അവര്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ അനുജന്‍ അടക്കം യുഎപിഎ കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വെള്ളക്കടലാസില്‍ ഒപ്പിട്ട് വാങ്ങി. തന്റെ മുന്നില്‍വച്ച് സഹോദരനെ വിളിച്ച് ഭീഷണിപ്പെടുത്തി.

പരാതിയെ തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നല്‍കി. ഹാഥ്‌റസ് യാത്രക്കിടെ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെ നാല് പേരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് കാമ്പസ് ഫ്രണ്ട് നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തിയത്. കള്ളപ്പണ ഇടപാടുണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ടാഴ്ച മുന്‍പ് ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റൗഫ് ഷെരീഫിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 7 ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായ റൗഫ് ഷെരീഫിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിക്ക് നേരിട്ട് പരാതി നല്‍കിയത്.