കാഞ്ഞങ്ങാട് കൊലപാതകം ; ഒരാള്‍ കൂടി അറസ്റ്റില്‍
കാസര്‍കോട് കല്ലൂരാവിയില്‍ സി പി എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളെ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തു. സി പി എം പ്രവര്‍ത്തകനായ അബ്ദുറഹ്മാന്‍ ഔഫ് വധത്തില്‍ മുണ്ടത്തോട് സ്വദ്ദേശി ഇസ്ഹാഖാണ് കസ്റ്റഡിയിലായത്. രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കൂടി പൊലീസ് കേസെടുത്തിട്ടുണ്ട്. കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ അബ്ദുറഹ്മാന്‍ ഔഫ് ഇന്നലെ രാത്രിയാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ ലീഗ് പ്രവര്‍ത്തകനായ ഇര്‍ഷാദിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കല്ലുരാവി മുണ്ടത്തോട്ട് ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മോട്ടര്‍ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അബ്ദുറഹ്മാന്‍ ഔഫിനെയും സുഹൃത്ത് ഷുഹൈബിനെയും മുണ്ടത്തോട് വെച്ച് ഇര്‍ഷാദും സംഘവും ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലുണ്ടായ പരാജയമാണ് ലീഗിനെ പ്രകോപിപ്പിച്ചതെന്ന് ഔഫിന്റെ സുഹൃത്തുക്കള്‍ പറയുന്നു.എസ്.വൈ.എസിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ അബ്ദുള്‍ റഹ്മാന്‍ ഔഫിന് നിരന്തരം ഭീഷണിയുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
അതേസമയം യൂത്ത് ലീഗ് നേതാവിന് നേരെയുണ്ടായ അക്രമത്തെ തുടര്‍ന്നാണ് സംലര്‍ഷമുണ്ടായതെന്നാണ് ലീഗ് കേന്ദ്രങ്ങള്‍ പറയുന്നത്. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറി ഇര്‍ഷാദ്, മുണ്ടത്തോട് സ്വദ്ദേശികളായ ഇസ്ഹാഖ്, ഹസ്സന്‍ എന്നിവരെ പ്രതിചേര്‍ത്താണ് കേസെടുത്തത്. അബ്ദു റഹ്മാന്‍ ഔഫിന്റെ കൂടെയുണ്ടായിരുന്ന പരിക്കേറ്റ് അശുപത്രിയില്‍ ചികിത്സയിലുള്ള ഷുഹൈബിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഔഫിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തി വൈകിട്ടോടെ നാട്ടിലെത്തിക്കും. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭ പരിധിയില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.